ഓണക്കാലം അടുത്തതോടെ നേന്ത്രക്കാ വില കുതിച്ചുയരുന്നു
1444392
Tuesday, August 13, 2024 1:48 AM IST
ആലക്കോട്: ഓണക്കാലം അടുത്ത വരുന്നതോടെ നേന്ത്രക്കായുടെ വില കുതിച്ചുയരുകയാണ്. കർഷകർ വാഴക്കൃഷിയിൽ നിന്ന് പിന്മാറിയതും കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ മൂലം കൃഷി വ്യാപകമായി നശിച്ചതുമാണ് വില വർധനയ്ക്കു കാരണം. ഒരുമാസം മുമ്പ് വരെ 35 രൂപ വിലയുണ്ടായിരുന്ന നേന്ത്രക്കാവില ഇപ്പോൾ 60 രൂപയ്ക്ക് മുകളിലാണ്. ഓണക്കാലം ആകുന്നതോടെ വില 100 എത്താനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
കാലവർഷത്തിൽ ഏറ്റവും കൂടുതൽ നശിച്ചത് നേന്ത്ര വാഴ ക്കൃഷിയാണ്. വേനൽക്കാലത്തെ കടുത്തചൂടിൽ കർഷകരുടെ വാഴകൾ കൂട്ടത്തോടെ ഉണങ്ങിപ്പോയിരുന്നു. മുമ്പ് ഒരുവർഷവും ഉണ്ടാകാത്ത വിധത്തിലുള്ള ചുഴലിക്കാറ്റായിരുന്നു കഴിഞ്ഞ മാസങ്ങളിൽ മലയോര മേഖലകളിൽ വീശിയടിച്ചത് അതിൽ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.
വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനകളും, മറ്റു പ്രദേശങ്ങളിൽ കാട്ടുപന്നിയടക്കമുള്ള കാട്ടുമൃഗങ്ങളും നിരവധി കർഷകരുടെ വാഴകൾ കൂട്ടത്തോടെ നശിപ്പിച്ചു. വാഴയ്ക്കുണ്ടാകുന്ന രോഗങ്ങളും പുഴുശല്യവും നിരവധി തോട്ടങ്ങളിലെ വാഴകൾ നശിക്കുന്നതിന് കാരണമായി. മലബാറിലെ മിക്ക ജില്ലകളിലേക്കും നേന്ത്രക്കുലകൾ എത്തിയിരുന്നത് വയനാട്ടിൽ നിന്നാണ് അവിടെ ഉരുൾപൊട്ടൽ ഉണ്ടായതും കനത്ത മഴയിൽ വാഴകൾ നശിക്കുകയും ചെയ്തതോടെ മറ്റു ജില്ലകളിലേക്ക് നേന്ത്രക്കുലകൾ എത്താതെ വന്നതും വിലകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഓണത്തിന് മുമ്പ് തന്നെ വിലകൾ വർധിക്കുന്നത് വാഴക്കർഷകർക്ക് ആശ്വാസമാണ്. എന്നാൽ, വാഴകൾ നശിച്ച കർഷകർക്ക് ദുരിത കാലമാണ്. ഓണം അടുക്കുന്നതോടെ നേന്ത്രക്കാ കൊണ്ടുള്ള ഉത്പന്നങ്ങൾ കൂടുതലായി വിപണിയിൽ എത്തുന്നതോടെ വില ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് വാഴക്കർഷകർ.