അതിഥി തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈലും കവർന്ന രണ്ടുപേര്‍ അറസ്റ്റില്‍
1444148
Monday, August 12, 2024 1:03 AM IST
പരിയാരം: അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ ഫോണുകളുമായി കടന്ന രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴയിലെ ചേര്‍ത്തല പട്ടണക്കാട് സ്വദേശി എ.എന്‍ അനൂപ്(45), തൃശൂര്‍ കുറ്റിച്ചിറ കാരാപാടത്തെ കെ.എസ്. അനീഷ് (30)എന്നിവരെയാണ് പരിയാരം എസ്ഐ എന്‍.പി. രാഘവന് അറസ്റ്റു ചെയ്തത്.
മേയ് 30ന് തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് നീല കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയും അവര്‍ കാർ റോഡ് സൈഡിൽ വച്ച് തൊഴിലാളികളേയും കൂട്ടി നടന്ന് കുറച്ച് ദൂരെയുള്ള പറമ്പിലാക്കി.
ശേഷം തിരിച്ച് കാറിനടുത്ത് എത്തി അതിഥി തൊഴിലാളികൾ കറില്‍ വച്ചിരുന്ന 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ്റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡയും മറ്റൊരാളുമാണ് കവര്‍ച്ചക്കിരയായത്. രണ്ടു മോഷ്ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിലെത്തി അവിടെ ലോഡ്ജില്‍ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിനിറങ്ങിയത്.
മോഷണ സംഘത്തിലെ അനൂപ് ആറുവര്‍ഷം മുമ്പ് പരിയാരം പൊന്നുരുക്കിപ്പാറയിലെ പന്നിഫാമില്‍ ജോലി ചെയ്തിരുന്നു. ആ സ്ഥലപരിചയം വച്ചാണ് ഇവര്‍ അതിഥി തൊഴിലാളികളുമായി അമ്മാനപ്പാറയില്‍ എത്തിയത്.
അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് പലയിടത്തം ഇത്തരത്തില്‍ കവര്‍ച്ചക്ക് ഇരയാവുന്നത് സ്ഥിരം സംഭവങ്ങളാണെങ്കിലും പോലീസ് അധികം പിറകെ പോകാത്തതിനാൽ പ്രതികള്‍ രക്ഷപ്പെടാറാണ് പതിവ്. സിസിടിവി ദൃശ്യങ്ങളും മൊബല് ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
പ്രതികള്‍ ഫോണുകളും ഉപയോഗിച്ചിരുന്ന സിമ്മുകളും മാറ്റിയെങ്കിലും കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സമര്‍ഥമായ ഇടപെടലാണ് പോലീസിന് പ്രതികളിലേക്കെത്താന്‍ വഴിതുറന്നത്.
പോലീസ് പിന്തുടരുന്നതായി സംശയിച്ച് പൊള്ളാച്ചിയിലേക്ക് കടന്ന പ്രതികള്‍ അവിടെ ഒരു തെങ്ങിന് തോപ്പില്‍ ജോലി ചെയ്യവെയാണ് പോലീസ് എത്തി പിടികൂടിത്.
പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ വിനീഷ്കുമാര്‍, എസ്ഐ എന്‍.പി. രാഘവന്, അഡി. എസ്ഐ വിനയന് ചെല്ലരിയന്‍, ക്രൈംസ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ഷിജോ അഗസ്റ്റിന്, സീനിയര്‍ സിപിഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍.എം. അഷറഫ്, രജീഷ് പൂഴിയില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.