വെമ്പുഴക്കടവ് തടയണയുടെ പാർശ്വഭിത്തികൾ തകർന്നു
1444134
Monday, August 12, 2024 1:03 AM IST
ഇരിട്ടി: എടൂരിലെ വെമ്പുഴക്കടവിൽ നിർമിച്ച തടയണയുടെ ഇരുവശങ്ങളിലെയും പാർശ്വ ഭിത്തികൾ തകർന്നതോടെ സമീപത്തെ കൃഷിയിടങ്ങൾ കരയിടിച്ചിൽ ഭീഷണിയിൽ. ആറുവർഷം മുമ്പ് 25 ലക്ഷം രൂപ ചെലവഴിച്ച് ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പുഴയിയിൽ ജലസേചനത്തിനായി നിർമിച്ച തടയണയാണിത്.
വെള്ളം കുത്തിയൊഴുകിയതോടെ സമിപ പ്രദേശങ്ങളിൽ കൃഷി നാശവും കരയിടിച്ചിൽ ഭീഷണിയുമാണ്. വേനൽകാലത്ത് കൃഷിയിടങ്ങൾക്ക് ഏറെ ഉപകാരമായിരുന്ന തടയണ മഴയിൽ കരകവിഞ്ഞ് ഒഴുകുന്നതാണ് കൃഷിനാശത്തിനും മണ്ണിടിച്ചിലിനും കാരണം. തടയണയുടെ തൂണുകളിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നതാണ് പുഴ കരകവിഞ്ഞൊഴുകുന്നതിന് വഴിവയ്ക്കുന്നത്. കല്ലും മണ്ണും അടിഞ്ഞ് തടയണയുടെ ആഴം കുറഞ്ഞതും വെള്ളം കയറാൻ ഇടയാക്കുന്നു.
അറ്റകുറ്റപണികൾ
തീർക്കാൻ ആളില്ല
ഇറിഗേഷൻ വകുപ്പിനു കീഴിൽ ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിംഗിന്റെ മേൽനോട്ടത്തിൽ നിർമിച്ച തടയണയുടെ അറ്റകുറ്റപ്പണികൾ ആര് ചെയ്യണം എന്നുപോലും കൃത്യതയില്ല. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഷട്ടറിന്റെ പലകകൾ ഒഴുകി പോയിരുന്നു. പലക ലഭിച്ചില്ലെങ്കിൽ ഈ വർഷവും വെള്ളം സംഭരിക്കാൻ കഴിയാതെ വരും. ആരായാലും അപകടാവസ്ഥയിലായ പാർശ്വഭിത്തി പുനർനിർമിക്കണമെന്നും വേനൽ കാലത്തിന് മുമ്പ് വെള്ളം സംഭരിക്കാൻ സാഹചര്യം ഒരുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.