കണ്ണൂര്‍: മാറ്റത്തിനനുസരിച്ച് മുന്നേറാന്‍ അഭിഭാഷകര്‍ തയാറാകണമെന്ന് ഹൈക്കോടതി ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്ത്. ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ഉത്തരമേഖലാ നിയമപഠന ശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതികവിദ്യ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ അഭിഭാഷകര്‍ തയാറാകണം. മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിച്ചിട്ടും സമരം നടത്തിയിട്ടും കാര്യമില്ല. നല്ല നീതിന്യായ സംവിധാനത്തിന്റെ നിലനില്‍പ്പിന് നല്ല അഭിഭാഷകര്‍ വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്മാന് അഡ്വ. കെ.കെ. ബാലറാം, അഭിഭാഷകരായ കസ്തൂരി സഹദേവന്, കെ.വി. മനോജ്കുമാര്‍, പി.വി. പ്രഭാകരന്, പി.പി. സന്ദീപ്കുമാര്‍, സി. ദീപക് എന്നിവർ പ്രസംഗിച്ചു.