ജിഡിഎ കോഴ്സ് പൂർത്തിയാക്കിയ ആസ്റ്റർ മിംസ് വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ നൽകി
1444066
Sunday, August 11, 2024 7:32 AM IST
കണ്ണൂർ: ആസ്റ്റർ ഡിഎം കെയറിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായുള്ള സന്നദ്ധ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയർമാർ ആസ്റ്റർമിംസ്, നബാർഡ് എന്നിവയുമായി സഹകരിച്ചു നടത്തിയ ആറുമാസ ജിഡിഎ കോഴ്സ് പൂർത്തിയാക്കി.
അറുപതോളം യുവതിയുവാക്കളാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. പരിശീലനം പൂർത്തിയാക്കിയവർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ പദ്മശ്രീ ഡോ.ആസാദ് മൂപ്പന്റെ നിർദേശപ്രകാരം വിവിധ ആസ്റ്റർ ഹോസ്പിറ്റലുകളിൽ ജോലിയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 532 പേർക്കാണ് പരിശീലനവും ജോലിയും ഉറപ്പാക്കിയത്.
ജിഡിഎ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള കേന്ദ്രസർക്കാരിന്റെ നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപറേഷൻ (എൻസിഡിസി) സർട്ടിഫിക്കറ്റ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എംഎൽഎ വിതരണം ചെയ്തു. ഹ്രസ്വകാല പ്രായോഗിക പരിശീലനം നൽകി സാധാരണക്കാർക്ക് ആരോഗ്യമേഖലയിൽ ജോലി ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കിയ ആസ്റ്റർ മിംസ് ആശുപത്രിയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് കെ.കെ.ശൈലജ പറഞ്ഞു.
പരിപാടിയിൽ നബാർഡ് കണ്ണൂർ ഡിഡിഎം ജീഷിമോൻ, കണ്ണൂർ ആസ്റ്റർ മിംസ് സിഎംഎസ് ഡോ. സുപ്രിയ, ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അമിത് ശ്രീധരൻ, ഹോസ്പിറ്റൽ എച്ച്ആർഹെഡ് സുരേഷ് ജി. നായർ, ആസ്റ്റർ വോളന്റിയേഴ്സ് മലബാർ ഹെഡ് മുഹമ്മദ് ഹസീം, സിഎൻഒ ഷീബ സോമൻ, ക്ലിനിക്കൽ ഇൻസ്ട്രക്ടർ രതിക എന്നിവർ പങ്കെടുത്തു.