ക്വാറികളിൽ വെള്ളക്കെട്ട്; ആശങ്ക വേണ്ടെന്ന് നഗരസഭാ സെക്രട്ടറി
1442638
Wednesday, August 7, 2024 1:56 AM IST
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭാപരിധിയിലെ നയനാർമല, ചേപ്പറമ്പ്, ഞണ്ണമല പ്രദേശങ്ങളിലെ ക്വാറികളിൽ വെളളം നിറഞ്ഞ് കനത്ത മഴയിൽ താഴേക്ക് കുത്തിയൊഴുകുന്നതുമൂലം മലഞ്ചരിവിന്റെ താഴെ ഭാഗത്ത് താമസിച്ചുവരുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് പരാതി. ശക്തമായ മഴ പെയ്യുമ്പോൾ പ്രദേശത്തെ വീടുകളിലെ കുട്ടികൾക്ക് പഠിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെനിന്ന് പലരും താമസം മാറിത്തുടങ്ങി.
എന്നാൽ നഗരസഭാ പരിധിയിലെ ക്വാറികൾ സംബന്ധിച്ച് പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ കാഴ്ചപ്പാടിൽ അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ വേണ്ടുന്ന രണ്ടു ക്വാറികൾ പരിശോധനയിൽ കണ്ടെത്തി. ഇവിടെ മതിയായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു.
ക്വാറികൾ സംബന്ധിച്ച് പ്രദേശവാസികളിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ വർഷം മഴക്കാലം തുടങ്ങുന്നതിനു മുമ്പേ തന്നെ നഗരസഭയുടെ ഉദ്യോഗസ്ഥർ ക്വാറികൾ സന്ദർശിച്ച് വിവരശേഖരണം നടത്തിയിരുന്നു. വില്ലേജ് ഓഫീസറും എല്ലാ ക്വാറികളും പരിശോധിച്ച് തഹസിൽദാർക്ക് റിപ്പോർട്ടും നൽകിയിരുന്നു.
മഴ തുടങ്ങിയതിനു ശേഷം ഒന്നു രണ്ടു ക്വാറികളിൽ വെള്ളം കെട്ടി നിൽക്കുന്നതായി അന്വേഷണത്തിൽ അറിഞ്ഞതിനാൽ ഇത് സംബന്ധിച്ച് വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കി. വിവരങ്ങൾ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തു. ജനങ്ങളിൽ ഭീതി പരത്തുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തരുതെന്ന് അഭ്യർഥിക്കുന്നതായും സെക്രട്ടറി അറിയിച്ചു.