അർധരാത്രി കട തുറന്നിട്ടത് ദുരൂഹതയ്ക്ക് ഇടയാക്കി
1442636
Wednesday, August 7, 2024 1:56 AM IST
കൂത്തുപറമ്പ്: പോലീസ് പട്രോളിംഗിനിടെ അർധരാത്രി കട തുറന്നിട്ടത് കണ്ടത് ദുരൂഹതയുളവാക്കി. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ദുരൂഹത പോലീസ് തന്നെ നീക്കി. കഴിഞ്ഞ ദിവസം മൂന്നാംപീടികയിലാണ് സംഭവം.കൺട്രോൾ റൂം എസ്ഐ പി.കെ അക്ബറിന്റെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ രാത്രി സുമാർ ഒന്നോടെ മൂന്നാംപീടികയിൽ മൂന്ന് മുറിയുള്ള ഹാർഡ് വേർ ഷോപ്പ് തുറന്നു കിടക്കുന്നതാണ് കണ്ടത്.
സംശയം തോന്നിയ പോലീസ് ചുറ്റും പരിശോധിച്ചെങ്കിലും ആരേയും കണ്ടെത്താനായില്ല.ഒടുവിൽ കടക്കകത്ത് കയറി പോലീസ് പരിശോധിച്ചു. സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല.ഇതിനിടെയാണ് മേശക്കു മുകളിൽ കടയുടമയുടെ ഫോൺ നമ്പറുള്ള വിസിറ്റിംഗ് കാർഡ് ശ്രദ്ധയിൽപെട്ടത്.
ആ നമ്പറിലും വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് അടുത്ത കടക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. ഇതിനിടെ ഷട്ടറിന്റെ മുകളിൽ തന്നെ പൂട്ടും മേശയുടെ മുകളിൽ താക്കോലും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പോലിസ് കടകൾ പൂട്ടി ഉടമസ്ഥനോട് രാവിലെ സ്റ്റേഷനിൽ എത്താൻ വിവരം കൈമാറുകയും ചെയ്തു. രാവിലെ ഉടമ സ്റ്റേഷനിലെത്തി. സുഖമില്ലാതെ വന്നതിനാൽ രാത്രി കട പൂട്ടാൻ സുഹൃത്തിനെ ഏല്പിച്ചതാണെന്നും അയാൾ കട അടയ്ക്കാൻ മറന്നു പോയതാണെന്നും അറിയിച്ചതോടെയാണ് ദുരൂഹത നീങ്ങിയത്. എഎസ്ഐ പ്രകാശൻ, ഡ്രൈവർ അർജുൻ, സിൽജു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.