കാലവർഷക്കെടുതി; മട്ടന്നൂരിൽ യോഗം ചേർന്നു
1442634
Wednesday, August 7, 2024 1:56 AM IST
മട്ടന്നൂർ: ശക്തമായ മഴയിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ വെള്ളംകയറി നാശനഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ അവലോകന യോഗം ചേർന്നു. കെ.കെ. ശൈലജ എംഎൽഎയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മണ്ഡലത്തിലെ നഗരസഭ, പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ വിഭാഗം, വാട്ടർ അഥോറിറ്റി, കെഎസ്ഇബി അധികൃതർ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. കാർഷിക മേഖലയിലുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ കൃഷി ഓഫീസർക്ക് യോഗത്തിൽ നിർദേശം നൽകി.
നഷ്ടമുണ്ടായ വളർത്തുമൃഗങ്ങളുടെ കണക്കെടുക്കാൻ വെറ്റനറി ഡോക്ടർമാരോടും നിർദേശിച്ചു. മണ്ഡലത്തിലെ കീഴല്ലൂർ, കോളയാട്, മാങ്ങാട്ടിട്ടം, ചിറ്റാരിപറമ്പ് പഞ്ചായത്തുകളിലാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 37 വീടുകൾ പൂർണയും 238 വീടുകൾ ഭാഗികമായും തകർന്നു. 1254 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും അധികൃതർ യോഗത്തിൽ പറഞ്ഞു. വെള്ളം കയറി നാശമുണ്ടായ വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും കണക്ക് എടുത്ത് നഷ്ടം വിലയിരുത്താനും യോഗത്തിൽ നിർദേശം നൽകി.
യോഗത്തിൽ എഡിഎം നവീൻ ബാബു, തഹസിൽദാർമാരായ സി.പി. മണി, വി.എസ്. ലാലി മോൾ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ഷൈമ, കെ.വി. മിനി, പി.സി.ഗംഗാധരൻ, ബി. ഷംസുദ്ദീൻ, പി.കെ. ശ്രീമതി, വി. ഹൈമാവതി, എം. റിജി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, ആരോഗ്യ വിഭാഗം, ഡോക്ടർമാർ തുടങ്ങിയവർ പ്രസംഗിച്ചു.