പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബം വാടകവീട്ടിൽ
1442624
Wednesday, August 7, 2024 1:56 AM IST
ഇരിട്ടി : പ്രളയവും ദുരിതങ്ങളും വിട്ടൊഴിയാതെവേട്ടയാടുമ്പോൾ ആറുവർഷം മുൻപ് നടന്ന പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് വാടകവീട്ടിലേക്ക് മാറിയ കുടുംബം ഇന്നും അധികൃതരുടെ കനിവ് തേടി ഓഫീസുകൾ കയറി ഇറങ്ങുന്നു. പുനരധിവാസ പാക്കേജുകളും നഷ്ടപരിഹാരങ്ങളും പ്രഖ്യാപിക്കുമ്പോൾ അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനത്ത് 2018 ലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പുത്തൻപറമ്പിൽ ശശി (65) ,ഉഷ (55) ദമ്പതികൾ ഇന്നും കഴിയുന്നത് വാടകവീട്ടിൽ.
കഴിഞ്ഞ ആറു വർഷമായി തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുകക്കുവേണ്ടി കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകൾ ഇല്ല. 2018 ലെ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തിന്റെ ഭൂരിഭാഗവും വളർത്തുമൃഗങ്ങളും ഒഴുകിപ്പോയപ്പോൾ എല്ലാം തന്ന് പുനരധിവസിപ്പിക്കുമെന്നത് വാഗ്ദാനം മാത്രമായി മാറിയിരിക്കുകയാണ്.
വിള്ളൽവീണ് അപകടാവസ്ഥയിൽ വീട് ഉപേക്ഷിച്ച് പോരാൻ തയാറാകാതിരുന്ന ഇവരെ അന്ന് പോലീസ് ബലമായി മാറ്റി പാർപ്പിക്കുകയായിരുന്നു. വാടക ഉൾപ്പെടെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു വെങ്കിലും ആറു വർഷമായി കുടുംബം വാടക കൊടുക്കാൻ വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. നട്ടെല്ലിനും കാലിനും അസുഖബാധിതനായ ശശിക്ക് ജോലിചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭാര്യ ഉഷ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത് .
വാടകയ്ക്ക് വഴിയില്ല;
വാടകവീടും ചോർന്നൊലിക്കുന്നു
2018 മുതൽ വിവിധ സ്ഥലങ്ങളിലായി അഞ്ചോളം വാടകവീടുകളിൽ മാറി മാറി താമസിച്ചുവരുന്ന കുടുംബം വാടകയ്ക്ക് പോലും വഴിയില്ലാതെ അഞ്ചുമാസമായി വാടകപോലും മുടങ്ങിയിരിക്കുകയാണ് . 3000 രൂപ വാടകയ്ക്ക് ഇപ്പോൾ കഴിയുന്ന മുണ്ടയാംപറമ്പിലെ വീട് മരം വീണ് തകർന്ന് ചോർന്ന് ഒലിക്കുന്ന സ്ഥിതിയിലാണ്. പശുക്കളെ വളർത്തിയും മറ്റും ജീവിച്ചുപോന്ന കുടുംബം ഇന്ന് ഒന്നിനും കഴിയാത്ത നിലയിലാണ് സമീപവാസികൾ വളർത്താൻ നൽകുന്ന ആടുമാടുകളെ വളർത്തുന്നതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മരുന്നിന് പോലും തികയറില്ല. മൂത്ത മകന് കരളിന് അസുഖം പിടിപെട്ട് ചികിത്സക്കായി മാസം 40000 ൽ അധിത്വം രൂപ ചിലവാകുന്നുണ്ട്.
ഇതിനെല്ലാം ഇളയമകന്റെ ജോലിയിലൂടെ കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധമുട്ടുകയാണ് അയ്യൻകുന്ന് പഞ്ചായത്തിൽ മാത്രം 15 ഓളം കുടുംബങ്ങൾ പ്രളയ ദുരിതത്തിലെ ലിസ്റ്റിൽ പെട്ടിരുന്നു. എങ്കിലും ലിസ്റ്റിലെ നാലാമത്തെ പേരുകാരനായ ശശിയെപോലെ ലിസ്റ്റിൽ എത്രപേർകൂടി അവശേഷിക്കുന്നുണ്ടെന്നതും കണ്ടത്തേണ്ടതുണ്ട്.
ദുരിതാശ്വസത്തിന്
ഫണ്ടില്ലെന്ന്
ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് പോയ ഇവർക്ക് അകെ ലഭിച്ച ധനസഹായം 95000 രൂപയാണ് . അകൗണ്ടിൽ എത്തിയ പണം എന്തിന് നൽകിയെന്നുപോലും ദുരിതത്തിൽ പെട്ടവർക്ക് അറിയില്ല.
പിന്നീടുള്ള ആറുവർഷം കണ്ണൂർ കളക്ട്രേറ്റ് മുതൽ ഇരിട്ടി താലൂക്ക് ഓഫിസ്, വില്ലേജ്, പഞ്ചായത്ത് ഓഫിസുകൾ കയറിഇറങ്ങിയ ഇവർക്ക് വണ്ടിക്കൂലി പോലും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. 2018 ലെ പ്രളയത്തിൽ ദുരിതാശ്വസ നിധിയിലേക്ക് കോടികൾ ലഭിച്ചിട്ടും സഹായത്തിനായി ഓഫിസുകളിൽ എത്തുമ്പോൾ ഫണ്ടില്ല എന്നുപറഞ്ഞ് ഇവരെ മടക്കി അയക്കുകയാണെന്ന് ദമ്പതികൾ പറയുന്നു.
രണ്ട് വർഷം മുൻപ് സ്ഥലം വാങ്ങാൻ പണം ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ കടം വാങ്ങിയ തുകകൊണ്ട് സ്ഥലത്തിന് അഡ്വാൻസ് നൽകി എഗ്രിമെന്റ് ചെയ്ത് പേപ്പറുകളുമായി എത്തിയിട്ടും യാതൊരു അഡ്വാൻസ് കൊടുത്ത തുക നഷടപ്പെട്ടതല്ലാതെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത്നിന്നും ഉണ്ടായിട്ടില്ല എന്നാണ് ദമ്പതികൾ പറയുന്നത് .
ആറുവർഷമായി വീട് നഷ്ടപ്പെട്ട് വാടക വീടുകൾ തോറും അലയുന്ന കുടുംബത്തിന്റെ ആവശ്യം തലചായ്ക്കാൻ ഒരിടമാണ്. കോടികൾ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുമ്പോഴും ആറുവർഷം മുൻപ് ദുരിതത്തിൽ പെട്ടവർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞില്ല എന്നതും ന്യായീകരിക്കാൻ കഴിയാത്ത വീഴ്ച തന്നെയാണ്. ഭക്ഷണം ഇല്ലെങ്കിലും വെള്ളം കുടിച്ചെങ്കിലും ഞങ്ങൾ ജീവിച്ചുകൊള്ളാം സ്വസ്ഥമായി ഉറങ്ങാൻ ഞങ്ങൾക്ക് ഒരു വീടുമതി എന്ന ദമ്പതികളുടെ വാക്കുകൾ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ.