മണ്ണിടിച്ചിൽ ഭീഷണിയിൽ വിളമനയിലെ നാലു കുടുംബങ്ങൾ
1442381
Tuesday, August 6, 2024 1:44 AM IST
ഇരിട്ടി: മഴയ്ക്ക് അല്പം ശമനം ലഭിച്ചെങ്കിലും ഒറ്റപ്പെട്ട മഴയിലും ഭീതിയോടെ കഴിയുകയാണ് വിളമനയിലെ നാലു കുടുംബങ്ങൾ. മണ്ണിടിച്ചിൽ ഭീഷണിയിൽ ദിവസങ്ങളോളം വീട്ടിൽ നിന്നും മാറിനിന്ന കുടുംബങ്ങൾ വീണ്ടും വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഭീതിയോടെയാണ് കഴിയുന്നത്.
മാടത്തിൽ-വിളമന റൂട്ടിൽ 700 മീറ്റർ മാറി റോഡിനോട് ചേർന്നുള്ള വലിയ കുന്ന് കഴിഞ്ഞദിവസം വൻതോതിൽ ഇടിഞ്ഞതോടെയാണ് വീട്ടുകാർ ഇവിടെനിന്നും മാറി താമസിച്ചത്. കുന്നത്തോട് ബിജു, പാനേരി അഷ്റഫ് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ ഭീഷണി. സമീപത്തെ മറ്റ് രണ്ടു വീടുകളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.
റോഡിനോടു ചേർന്നുള്ള കുന്ന് മഴയ്ക്ക് മുൻമ്പ് സ്ഥലം ഉടമ ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതോടെയാണ് മണ്ണിടിച്ചിലിന് കാരണം. റബർ ഉൾപ്പടെ മുപ്പത് മീറ്ററിലധികം കുന്ന് ഇടിഞ്ഞു താഴ്ന്നു. പത്തോളം റബർ മരങ്ങളാണ് നിലംപൊത്തി. ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിൽ നിരവധി മരങ്ങൾ ചെരിഞ്ഞ് നില്ക്കുകയാണ്. അശാസ്ത്രീയ രീതിയിൽ മണ്ണ് നീക്കം ചെയ്തതാണ് ഇപ്പോഴത്തെ ഇടിച്ചിലിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നു.