ഉരുൾപൊട്ടൽ ഭീഷണിയിലും പുഴയോര കൈയേറ്റം വ്യാപകം
1442374
Tuesday, August 6, 2024 1:44 AM IST
ആലക്കോട്: വയനാട് ദുരന്തത്തിൽ നാട് ഒന്നാകെ വിറങ്ങലിച്ചു നില്ക്കുമ്പോഴും പുഴയോര കൈയേ റ്റം വ്യാപകം. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള പൈതൽമലയുടെ അടിവാരത്ത് നിന്ന് ഉത്ഭവിക്കുന്ന രയറോം, ആലക്കോട്, കരുവഞ്ചാൽ പുഴകൾ കാലവർഷം ആരംഭിക്കുമ്പോൾ മുതൽ മലയോരത്തിന്റെ പേടിസ്വപ്നമാണ്. കേരള-കർണാടക വനങ്ങളിൽനിന്നും ഉത്ഭവിക്കുന്ന രയറോം പുഴയിൽ മഴക്കാലത്ത് എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ ഉണ്ടാകാം.
മണക്കടവ്-മൂരിക്കടവ് വനാതിർത്തി മുതൽ ചപ്പാരപ്പടവ്-കുവേരി പുഴയോരം വരെ കാലാകാലങ്ങളായി കൈയേറി നിരവധി നിർമാണ പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്. കാർത്തികപുരം ടൗണിനു സമീപം ഉദയഗിരി പഞ്ചായത്തു വരെ പുഴ കൈയേറിയുള്ള കെട്ടിടങ്ങൾ നിരവധിയാണ്. ആലക്കോട് പഞ്ചായത്ത് ടൗൺ അങ്കണവാടി കെട്ടിടം നിർമിച്ചതാകട്ടെ ആലക്കോട് പുഴയിൽ നിന്ന് കെട്ടി ഉയർത്തിയ സ്ഥലത്താണ്.
കരുവഞ്ചാൽ പുഴയുടെ ഉത്ഭവസ്ഥാനം തന്നെ പലപ്പോഴായി ഉരുൾപൊട്ടിയിട്ടുള്ള നൂലിട്ടാമലയാണ്. പാത്തൻപാറ, വെള്ളാട്, കരുവഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകിയെത്തിയാണ് വെള്ളം ചപ്പാരപ്പടവ് പുഴയിൽ ചേരുന്നത്. പുഴ കൈയേറ്റം വ്യാപകമായതോടെ മഴക്കാലത്ത് പുഴയ്ക്ക് ഒഴുകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.