കാലവർഷക്കെടുതിയിൽ വീട് തകർന്നു; ഒരാൾക്കു പരിക്ക്
1442087
Monday, August 5, 2024 1:56 AM IST
തളിപ്പറമ്പ്: കാലവർഷക്കെടുതിയിൽ പട്ടുവം എടമുട്ടിൽ വീട് തകർന്നു. എടമുട്ടിലെ പുതിയപുരയിൽ സുരേശന്റെ വീടാണ് തകർന്നത്. അപകടത്തിൽ സുരേഷിന്റെ ഭാര്യ എ. സിന്ധു ( 40) വിന് പരിക്കേറ്റു. പട്ടുവം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സിന്ധുവിനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഓടു പാകിയ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. സംഭവസമയത്ത് സിന്ധുവും സുരേശനും മകൻ സുബിൻജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് ചെത്തുതൊഴിലാളിയും സിപിഎം ഇടമുട്ട് ബ്രാഞ്ച് സെക്രട്ടറിയുമായ സുരേശനും മകനും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.
ഓടും മരവും നിലംപതിച്ചപ്പോഴാണ് സിന്ധുവിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. വീടിനു അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
പട്ടുവം പഞ്ചായത്ത് പ്രസിഡന്റ്, പി. ശ്രീമതി, വൈസ് പ്രസിഡന്റ് വി.വി. രാജൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ പി.പി. സുകുമാരി, ടി.വി. സിന്ധു, സിപിഎം പട്ടുവം ലോക്കൽ സെക്രട്ടരി പി. ബാലകൃഷ്ണൻ, പട്ടുവം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. പി. ശ്രീനിവാസൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.