മൂന്നുനില കെട്ടിടത്തിന് മുകളിലെ കൂറ്റൻ ജലസംഭരണി തകർന്നു വീണു
1442076
Monday, August 5, 2024 1:56 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിലെ തിരക്കേറിയ റോഡിലേക്ക് സ്വകാര്യവ്യക്തിയുടെമൂന്നുനില കെട്ടിടത്തിന് മുകളിൽ അശാസ്ത്രീയമായി നിർമിച്ച കൂറ്റൻ ജലസംഭരണി തകർന്നുവീണു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
വൻ ശബ്ദത്തോടെ തകർന്ന ജലസംഭരണിയിലെ വെള്ളത്തോടൊപ്പം കോൺക്രീറ്റ് കട്ടകളും മുകളിലെ കെട്ടിടത്തിന്റെ ഭാഗങ്ങളും തകർന്ന് റോഡിന് എതിർവശത്തുള്ള കെട്ടിടത്തിലെ വസ്ത്രശാലയുടെ ചില്ലിലേക്ക് പതിക്കുകയായിരുന്നു. കടകളുടെ നെയിംബോർഡുകളും ഡോർ ഗ്ലാസുകളുമാണ് തകർന്നു. അതോടൊപ്പം വൈദ്യുതലൈനും പൊട്ടി നിലംപതിച്ചു. റെയിൽവേ സ്റ്റേഷനിലേക്കും സെന്റ് പോൾസ് സ്കൂൾ ഭാഗത്തേക്കുമുള്ള റോഡിലേക്ക് കെട്ടിടഭാഗങ്ങൾ തകർന്നു വീണത് ആശങ്ക സൃഷ്ടിച്ചു. ഭാഗ്യം കൊണ്ടാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്.
അഗ്നിസുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ജലസംഭരണിയാണ് തകർന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലക്ക് മുകളിൽ കോൺക്രീറ്റ് തൂണുകളിൽ സ്ഥാപിച്ച ഏതാണ്ട് 30,000 ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ ഒരു വശം പൊട്ടിത്തകരുയായിരുന്നു. അഗ്നിരക്ഷാ വിഭാഗത്തിന്റെ അനുമതിയ്ക്കായി വൻസംഭരണ ശേഷിയുള്ള വലിയ ജലസംഭരണി യാതൊരു സുരക്ഷിതത്വവുമില്ലാതെ കട്ടകൾ മാത്രം ഉപയോഗിച്ച് നിർമിച്ചതും വീണ്ടും ഉയരം കൂട്ടിയതുമാണ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.