ജൽജീവൻ മിഷൻ; വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കണം-സജീവ് ജോസഫ്
1441957
Sunday, August 4, 2024 7:51 AM IST
നടുവിൽ: ജൽജീവന്‍ മിഷന് പദ്ധതി പ്രവൃത്തി അവലോകനത്തിൽ വെട്ടിപ്പൊളിച്ച റോഡുകളുൾ പൂർവസ്ഥിതിയിലാക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ. ജൽജീവൻ മിഷൻ പ്രവൃത്തി അവലോകനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കൂര്‍ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജൽജീവന്‍ മിഷന് പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ചിരിക്കുന്നത്. റോഡുകളുടെ പുനർനിർമാണം അനന്തമായി നീളുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലും എംഎൽഎ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
റോഡ് അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുന്നതിന് പഞ്ചായത്ത്, ജല വിഭവ വകുപ്പ്, കരാറുകാർ എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. കൃത്യമായ ഇടവേളകളിൽ പഞ്ചായത്തുതല അവലോകനം, പൈപ്പ് ലൈൻ സ്ഥാപിക്കുന്ന രൂപരേഖ പഞ്ചായത്തുകൾക്ക് നൽകണമെന്നുമുള്ള നിർദേശം അംഗീകരിച്ചു.
സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ട നയപരമായ കാര്യങ്ങളിൽ സർക്കാരിൽ ശ്രദ്ധചെലുത്തുമെന്ന് എംഎൽഎ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, സാജു സേവ്യർ, ടി.പി. ഫാത്തിമ, വി.പി. മോഹനൻ, മിനി ഷൈബി, ബേബി ഓടംപള്ളി, ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
മെല്ലെപ്പോക്കിൽ വിമർശനവുമായി പഞ്ചായത്ത് പ്രസിഡന്റുമാർ
സാങ്കേതിക ജീവനക്കാരുടെ കുറവ് പദ്ധതി പ്രവർത്തനത്തെ ബാധിക്കുന്നതായി ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പരിധിയിൽ മുഴുവൻ പ്രദേശങ്ങളും ഉൾപ്പെടുന്ന രീതിയിൽ പദ്ധതി പൂർത്തീക്കരിക്കണമെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ആവശ്യപ്പെട്ടു. മഴക്കാലത്ത് പൈപ്പ്ലൈൻ പ്രവൃത്തി നടത്താതെ ടാങ്ക് പണിയുമായി മുന്നോട്ട് പോകണമെന്ന് എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ഷൈബിയും എല്ലായിടത്തും പണി നടന്നില്ലെന്ന് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരനും ചൂണ്ടിക്കാട്ടി.
പ്രവൃത്തി ആരംഭിക്കാത്തതിനാൽ വൻതുക കുടിവെള്ള വിതരണത്തിന് വേണ്ടി ചെലവാകുന്നതായി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ചൂണ്ടിക്കാട്ടി. പദ്ധതി 2025നകം പൂർത്തിയാകുമോ എന്നതിൽ സംശയം പ്രകടിപ്പിച്ച നടുവിൽ പഞ്ചായത്ത് പ്രസിഡന്റ ബേബി ഓടംപള്ളി സർക്കാരിൽ നിന്നും പണം ലഭിച്ചതിന് ശേഷം മാത്രമേ പഞ്ചായത്തിൽ നിന്നും നൽകുന്ന 10 ശതമനം വിഹിതം നൽകുകയുള്ളൂ എന്നും വ്യക്തമാക്കി.