ബലിതർപ്പണം നടത്തി ആയിരങ്ങൾ
1441953
Sunday, August 4, 2024 7:51 AM IST
കണ്ണൂർ: കർക്കടക വാവ് ബലി ദിനമായ ഇന്നലെ പിതൃതർപ്പണം നടത്തി ആയിരങ്ങൾ. കണ്ണൂർ ജില്ലയിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽ തന്നെ ബലിതർപ്പണം തുടങ്ങി യിരുന്നു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടേയും നേതൃത്വത്തിൽ ഒരുക്കിയ ബലിതർപ്പണ ചടങ്ങിൽ സ്ത്രീകളും കുട്ടികളമടക്കം നിരവധി പേരാണ് എത്തിയത്. എന്നാൽ, പ്രതികൂല കാലാവസ്ഥയും മുന്നറിയിപ്പും കാരണം സാധാരണയുള്ള പതിവ് തിരിക്ക് ഇന്നലെ കാണാനായില്ല.
കണ്ണൂർ പയ്യാന്പലം കടപ്പുറത്ത് വാവുബലി ചടങ്ങുകൾക്കായി ഇന്നലെ പുലർച്ചെ മൂന്നു മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാന്പലത്ത് താവക്കര വലിയവളപ്പിൽ കാവ്, സേവാഭാരതി, ശ്രേഷ്ഠാചാര്യ സഭ തുടങ്ങിയവർ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ബലിതർപ്പ ണത്തിനായി നിരവധി പേരെത്തി. ആദികകടലായി ശ്രീകൃഷ്ണ ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറന്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവടങ്ങളിലെല്ലാം നിരവധിപേർ ബലിതർപ്പണത്തിനെത്തി.
കോയിപ്ര ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് നടന്ന ബലിതർപ്പണത്തിന് പൂജാരി കൃഷ്ണൻകുട്ടി പുതുക്കുളത്തിൽ മുഖ്യകാർമികത്വം വഹിച്ചു. പ്രസിഡന്റ് ജയരാജൻ പുതുക്കുളത്തിൽ, സെക്രട്ടറി എ. ബിനു എന്നിവർ നേതൃത്വം നൽകി.ചെങ്ങളായി ചുഴലിയിലെ കിഴക്കേ വീട് തറവാട്ടിൽ നടന്ന പിതൃതർപ്പണത്തിൽ കുടുംബാംഗങ്ങളായ മൂന്നൂറിലധികം പേർ ബലിയിട്ടു.