വിടവാങ്ങിയത് മലയോര ജനതയുടെ പ്രിയ വൈദികൻ
1441503
Saturday, August 3, 2024 1:06 AM IST
കണ്ണൂർ: സൗമ്യമായ പെരുമാറ്റം കൊണ്ട് മലയോര ജനതയുടെ ഹൃദയങ്ങളിൽ ജീവിച്ച തീക്ഷ്ണമതിയായ അജപാലകനാണ് വിടപറഞ്ഞ ഫാ. ജോസഫ് വീട്ടിയാങ്കൽ.
കുടിയേറ്റകാലത്ത് മലയോരമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറെ പ്രയത്നിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോര മേഖലകളിലായിരുന്നു അച്ചന്റെ പ്രവർത്തനം. 1968 മാർച്ച് മൂന്നിന് തിരുപ്പട്ടം സ്വീകരിച്ച ശേഷം കോഴിക്കോട് ജില്ലയിലെ മരുതോങ്കര, പശുക്കടവ് ഇടവകളിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു.
1973 ൽ കാസർഗോഡ് ജില്ലയിലെ ബളാൽ ഇടവകയിൽ വികാരിയായി. ബളാലിൽ വീട്ടിയാങ്കലച്ചൻ വികാരിയായി ചുമതലയേൽക്കുമ്പോൾ പള്ളിപണിക്ക് തുടക്കം കുറിച്ചിരുന്നു. തുടർന്ന് അച്ചന്റെ മേൽനോട്ടത്തിൽ പള്ളിപണി പൂർത്തിയാക്കി.
ബളാൽ ജനതയുടെ യാത്രാ സൗകര്യത്തിനായി വിവിധ മേഖലകളിലേക്ക് റോഡുകൾ വീട്ടിയാങ്കലച്ചന്റെ പരിശ്രമഫലമായി നിർമിച്ചു. 1989 ൽ കോഴിച്ചാൽ ഇടവകയിൽ വികാരിയായിരിക്കുന്ന കാലത്താണ് സെമിത്തേരി പണികഴിപ്പിച്ചത്.
വീട്ടിയാങ്കലച്ചൻ വികാരിയായിരുന്ന ആനിക്കാംപൊയിൽ, മണിക്കടവ്, കുടിയാന്മല, പെരുന്പടവ്, മേരിഗിരി, കൊളക്കാട്, വരക്കാട്, ചായ്യോത്ത് എന്നീ ഇടവകകളിലും നിരവധി വികസനങ്ങൾ അച്ചന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
2020 മുതൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമം ജീവിതം നയിച്ചുവരികെ ഇന്നലെ രാവിലെ ദിവ്യബലിയിൽ സംബന്ധിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അച്ചന്റെ അന്ത്യം.
ഇന്നലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങളാണ് വീട്ടിയാങ്കലച്ചനെ കാണാനെത്തിയത്.