ഇരിട്ടി അമല ആശുപത്രിയിൽ വിജയകരമായി 105കാരിയുടെ ഇടുപ്പെല്ല് ശസ്ത്രക്രിയ
1435591
Saturday, July 13, 2024 1:38 AM IST
ഇരിട്ടി: നൂറ്റിയഞ്ചുകാരിയുടെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരിട്ടി അമല ആശുപത്രിയിലെ ഡോക്ടർമാർ. എടപ്പുഴ സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ ജോസാണ് ഇടുപ്പെല്ല് ശസ്ത്രക്രിയയിലൂടെ മൂന്നു ദിവസംകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
മുറിയിൽ തെന്നിവീണായിരുന്നു അന്നമ്മയ്ക്ക് പരിക്കേറ്റത്. ഇടുപ്പെല്ലിന് ക്ഷതമേറ്റ സാഹചര്യത്തിൽ ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. പ്രായം ശസ്ത്രക്രിയയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും അസ്ഥിരോഗ വിദഗ്ധൻ ഡോ. സനിത്തിൽ അന്നമ്മയുടെ കുടുംബം വിശ്വാസമർപ്പിച്ചതോടെ ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചു.
ശസ്ത്രക്രിയ വിജയകരമായതോടെ മൂന്നു മണിക്കൂർ മാത്രം നിരീക്ഷണത്തിൽ നിർത്തിയ അന്നമ്മയെ വാർഡിലേക്ക് മാറ്റി. രണ്ടാം ദിനത്തിൽ നടക്കുകയും ചെയ്തു. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം പൂർണാരോഗ്യത്തോടെ അന്നമ്മയെ വീട്ടിലേക്ക് പറഞ്ഞയക്കാനായതിന്റെ സന്തോഷത്തിലാണ് ഡോക്ടർമാരും ആശുപത്രി അധികൃതരും.
ഡോക്ടർമാരുടെ പരിചയസന്പത്തും കൂട്ടായ്മയും ആശുപത്രിയിലെ അത്യാധുനിക ചികിത്സാസംവിധാനവുമാണ് അതീവ സങ്കീർണമായ ശസ്ത്രക്രിയ ഏറ്റെടുക്കാൻ അമല ആശുപത്രിയെ പ്രാപ്തമാക്കിയതെന്ന് ആശുപത്രി എംഡി അഡ്വ. മാത്യു കുന്നപ്പള്ളി പറഞ്ഞു. പത്രസമ്മേളനത്തിൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ അനസ്തേഷ്യോളജിസ്റ്റ് ഡോ.നാഗമണി, അസ്ഥിരോഗ വിദഗ്ധൻ ഡോ. സനിത്കുമാർ, ഡോ. പി.എം. സൗദ്, ഡോ. അന്നമ്മ മാത്യു എന്നിവരും പങ്കെടുത്തു.