ബസിൽ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് രക്ഷകരായി ജീവനക്കാർ
1435590
Saturday, July 13, 2024 1:38 AM IST
തലശേരി: ഓടുന്ന ബസിൽ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ സന്ദർഭോചിത ഇടപെടലിൽ പുതുജീവൻ.
പാലക്കൂൽ സ്വദേശിനിയായ ഫാത്തിമയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തലശേരി- വിളക്കോട്ടൂർ റൂട്ടിലോടുന്ന ആയില്യം ബസിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു ഫാത്തിമ കുഴഞ്ഞുവീണത്.
തലശേരിയിൽനിന്ന് ചെറിയ രണ്ടു പേരക്കുട്ടികൾക്കൊപ്പം ബസിൽ കയറിയ ഇവർ ഡ്രൈവറുടെ സീറ്റിനു സമീപം ഇരിക്കുകയായിരുന്നു. പിന്നീട് ബസിന്റെ ഡാഷ് ബോർഡിൽ തലചായ്ച്ചു കിടന്നു. ബസ് മഞ്ഞോടിയിലെത്തിയപ്പോൾ ടിക്കറ്റ് നൽകാനായി കണ്ടക്ടർ നിജിൽ വിളിച്ചിട്ടും കുലുക്കി ഉണർത്താൻ ശ്രമിച്ചിട്ടും അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. എഴുന്നേൽപ്പിക്കാനായി കൈ പിടിച്ചുയർത്തിയപ്പോൾ ഒരു വശം ചെരിഞ്ഞുവീഴുകയും ചെയ്തു.
ഉടൻ തന്നെ ഡ്രൈവർ ബസ് ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി. നിജിലും ഡ്രൈവർ യദുകൃഷ്ണനും ക്ലീനർ ഷിനോജും ഫാത്തിമയെ വാരിയെടുത്ത് ആശുപത്രി കാഷ്വാലിറ്റിയിലെത്തിച്ചു. തക്കസമയത്ത് ചികിത്സ ലഭിച്ചതോടെ ഫാത്തിമ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.