തലശേരി സ്റ്റേഡിയം ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്ക് കൈമാറും
1435293
Friday, July 12, 2024 1:46 AM IST
തലശേരി: തലശേരി വി.ആർ. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതിന് തീരുമാനം. സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി പാട്ടത്തിന് കൈമാറുന്നതെന്നും ഇതു സംബന്ധിച്ച അപേക്ഷ മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി റവന്യൂ വകുപ്പിന് ഉടൻ നൽകണം.
റവന്യൂ, സ്പോര്‍ട്സ് വകുപ്പുകളുടെ പ്രതിനിധികളെ സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. കായിക വകുപ്പിന്റെ പരിപാടികള്‍ക്ക് സ്റ്റേഡിയം സൗജന്യ നിരക്കില്‍ ലഭ്യമാക്കണമെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശം യോഗം അംഗീകരിച്ചു. തലശേരിയിലെ കായികപ്രേമികളുടെ നിരവധി നാളുകളായുള്ള ആവശ്യമാണ് യാഥാർഥ്യമായതെന്നും സ്റ്റേഡിയത്തിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം മുതല്‍കൂട്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു.