നീലേശ്വരത്തിന് അഭിമാനമായി ഹൃദിൻ
1435284
Friday, July 12, 2024 1:46 AM IST
നീലേശ്വരം: കീം പരീക്ഷയില്‍ എസ്സി വിഭാഗത്തില്‍ നീലേശ്വരം പേരോലിലെ ഹൃദിന്‍ എസ്. ബിജുവിന് സംസ്ഥാനതലത്തില്‍ രണ്ടാംറാങ്ക്. 600ല്‍ 536 മാര്‍ക്ക് സ്കോര്‍ ചെയ്ത ഹൃദിന്‍ പൊതുവിഭാഗത്തില്‍ 319-ാം റാങ്കാണ് നേടിയത്. സൈലം ഇന്റഗ്രേറ്റഡ് സ്കൂളില്‍നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പരീക്ഷയെഴുതിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. നിലവില്‍ കോഴിക്കോട് എന്‍ഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്.
എന്നാല്‍ ഐഐടിയാണ് തന്റെ ലക്ഷ്യമെന്നും അതിനാല്‍ ഒരുവര്‍ഷം ജെഇഇ പരീക്ഷയ്ക്കായി കോച്ചിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഹൃദിന്‍ പറയുന്നു. നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്കൂളില്‍നിന്നും 90 ശതമാനം മാര്‍ക്കോടെയാണ് പത്താംക്ലാസ് പാസായത്. കണ്ണൂര്‍ വിമാനത്താവളത്തിലെ കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥനായ വി.ബിജുവിന്റെയും ഉപ്പിലിക്കൈ ജിഎച്ച്എസ്എസിലെ അധ്യാപിക ജി.എസ്.ശ്വേതയുടെയും ഏകമകനാണ്.