"കുട്ടിയും ചട്ടിയും' പദ്ധതിക്ക് തുടക്കം
1435050
Thursday, July 11, 2024 1:31 AM IST
പയ്യാവൂർ: ചാമക്കാൽ ഗവ.എൽപി സ്കൂളിൽ "കുട്ടിയും ചട്ടിയും' പദ്ധതിക്ക് തുടക്കമായി.ഓണത്തെ വരവേൽക്കാൻ വിദ്യാർഥികൾ സ്വന്തമായി നടത്തുന്ന പൂക്കൃഷി പദ്ധതായാണ് "കുട്ടിയും ചട്ടിയും'പദ്ധതി. പൂച്ചട്ടി ചലഞ്ചിലൂടെ ശേഖരിച്ച ചട്ടിയിലാണ് കൃഷി ചെയ്യുന്നത്. പൂർവ വിദ്യാർഥികളും പൂർവാധ്യാപകരും ആവശ്യമായ പിന്തുണ നൽകി. ഓരോ വിദ്യാർഥിയുടെയും പേരുവച്ചാണ് ഓരോ ചട്ടിയും തയാറാക്കിയിട്ടുള്ളത്.
ഇതിന്റെ പരിപാലന ചുമതല അതാത് വിദ്യാർഥികൾക്കാണ്. ആദ്യഘട്ടത്തിൽ പൂക്കൃഷിയും തുടർന്ന് പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, ശലഭച്ചെടികൾ എന്നിവയും ഒരുക്കുന്നുണ്ട്. വിവിധ പാഠഭാഗങ്ങളിലെ അക്കാദമിക സാധ്യതകൾകൂടി ഉൾച്ചേർത്തു കൊണ്ടാണ് കുട്ടിയും ചട്ടിയും പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, എസ്എംസി ചെയർമാൻ കെ.ജി.ഷിബു, എംപിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, സീനിയർ അസിസ്റ്റന്റ് കെ.എ.ആൻസി, രജനി, എം.ടി.മധുസൂദനൻ, ടി.സ്വപ്ന, ജോസ്മി ജോസ്, ടി.വി.ദീപ, സോണിയ തോമസ്, അമിത എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.