ഹാജിമാരുടെ ആദ്യ സംഘമെത്തി
1435043
Thursday, July 11, 2024 1:31 AM IST
മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിന്റു വഴി ഈ വർഷം ഹജ്ജിനുപോയ തീർഥാടകരുടെ ആദ്യ സംഘങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തി. ഉച്ചയ്ക്ക് 12 ഓടെ ആദ്യസംഘത്തിലെ 346 ഹാജിമാരാണ് സൗദി എയർലൈൻസിന്റെ വിമാനത്തിൽ ഇറങ്ങിയത്. ഹാജിമാർക്ക് വിമാനത്താവളത്തിൽ സ്നേഹോഷ്മളമായ വരവേല്പാണു നൽകിയത്.
ബുധനാഴ്ചത്തെ രണ്ടാമത്തെ വിമാനം രാത്രി 9.50 നാണ് എത്തിച്ചേർന്നത്. ആദ്യവിമാനത്തിൽ ഇറങ്ങേണ്ടവരിൽ 15 പേർ പ്രവാസികളായതിനാൽ അവർ വിവിധ ഗൾഫ് നാടുകളിലേക്ക് ഹജ്ജ് കഴിഞ്ഞ് ജിദ്ദയിൽനിന്ന് മടങ്ങിയതിനാലാണ് ആദ്യസംഘാംഗങ്ങളുടെ എണ്ണം 346 ആയത്. വിമാനമിറങ്ങിയ ഹാജിമാർക്ക് പ്രത്യേകം ഇരിപ്പിടം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 18 സെൽ ഓഫീസർമാരും 20 ഹജ്ജ് വോളണ്ടിയർമാരും വിമാനത്താവളത്തിനുള്ളിൽ സജ്ജരായി.
തീർഥാടകർക്കുള്ള സ്വീകരണ ഹാരങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ കൈമാറി. ഹജ്ജ് ക്യാമ്പ് കൺവീനർമാരായ സി.കെ. സുബൈർ ഹാജി, നിസാർ അതിരകം, നോഡൽ ഓഫീസർ എം.സി.കെ. ഗഫൂർ എന്നിവർ സാങ്കേതിക നടപടികൾക്കു നേതൃത്വം നൽകി.
കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.വി. ശ്രീജ, ടി.കെ. ലതിക തുടങ്ങിയവർ ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.