ഫാ. ആർമണ്ട് ദൈവദാസ പദവി പ്രഖ്യാപനം 13ന്
1435039
Thursday, July 11, 2024 1:31 AM IST
കണ്ണൂർ: ഭരണങ്ങാനം അസീസി, ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കരിസ്മാറ്റിക് നവീകരണരംഗത്തെ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സഭാംഗം ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസപദവി പ്രഖ്യാപനം13ന് നടക്കും.
വിമലഗിരി ധ്യാനകേന്ദ്രം അങ്കണത്തിലെ തിരുക്കർമങ്ങൾക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിക്കുമെന്ന് പ്രൊവിൻഷ്യൽ മിനിസ്റ്റർ ഫാ. തോമസ് കരിങ്ങടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ചു നടക്കുന്ന ദിവ്യബലിയിൽ തലശേരി അതിരൂപത ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സഹകാർമികതത്വം വഹിക്കും.
വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ. ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ രണ്ടു പുസ്തകങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യും.
എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ രൂപതകളിലെ വൈദികപ്രതിനിധികൾ, കപ്പുച്ചിൻ സഭയുടെ വിവിധ പ്രവിശ്യകളിലെ പ്രൊവിൻഷ്യൽ മിനിസ്റ്റേഴ്സ്, വിവിധ സന്യാസസഭകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മനോജ് ജോർജിന്റെ വയലിൻ ഫ്യൂഷനും അരങ്ങേറും.
സീറോ മലബാർ സഭയുടെ മലബാറിൽനിന്നുള്ള ആദ്യത്തെ ദൈവദാസനായാണ് ഫാ. ആർമണ്ട് ഉയർത്തെപ്പെടുക. വിശുദ്ധരുടെ നാമകരണ നടപടികളിൽ നാല് പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ആദ്യത്തേതാണ് ദൈവദാസ പദവി.
1930 നവംബർ 25ന് കോട്ടയം ജില്ലയിലെ പാലാ മരങ്ങാട്ടുപിള്ളിയിലാണ് ഫാ. ആർമണ്ടിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കപ്പൂച്ചിൻ സഭയിൽ ചേർന്ന് 1954 മേയ് 13ന് വ്രതവാഗ്ദാനം ചെയ്തു. 1960 മാർച്ച് 25ന് പുരോഹിതനായി അഭിഷിക്തനായി.
കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിലൂടെ കേരള സഭയിൽ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് മുഖ്യപങ്കുവഹിച്ചു. 1996ൽ ഫാ. ആർമണ്ട് തന്റെ കർമമണ്ഡലം മലബാറിലേക്ക് മാറ്റി.
കണ്ണൂർ ജില്ലയിലെ ഇരിട്ടി പട്ടാരത്ത് വിമലഗിരി ധ്യാനകേന്ദ്രം സ്ഥാപിച്ച ആർമണ്ടച്ചൻ മലബാറിൽ ആത്മീയ നവോത്ഥാനത്തിന് തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ ലളിത ജീവിതവും പാവങ്ങളോടുള്ള പരിഗണനയും ലളിതമായ സംസാരവും സാധാരണക്കാരായ വിശ്വാസികൾക്ക് ആർമണ്ടച്ചനെ പ്രിയങ്കരനാക്കി. 2001 ജനുവരി പന്ത്രണ്ടിനാണ് ഫാ. ആർമണ്ട് ഈ ലോകത്തോട് വിടപറഞ്ഞത്.
വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുടിയിൽ, വിമലഗിരി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് തച്ചുകുന്നേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.