പൈപ്പ്ലൈൻ കുഴികൾ കുരുക്കായി; റോഡിനെ "പരിചരിച്ച്' ജോസഫ് ഡോക്ടർ
1434953
Wednesday, July 10, 2024 8:28 AM IST
കൂത്തുപറമ്പ്: ചികിത്സ എന്നത് മാത്രമല്ല സാമൂഹ്യസേവനമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് നിർമലഗിരിയിലെ ഡോക്ടറായ എ. ജോസഫ്. കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി റോഡരികിൽ എടുത്ത കുഴി കൃത്യമായി മൂടാത്തത് യാത്രക്കാർക്ക് ദുരിതമായി മാറിയപ്പോഴാണ് സ്റ്റെതസ്കോപ്പ് ഊരിവച്ച് ഡോക്ടർ തന്നെ സ്വന്തം ചെലവിൽ കുഴിയടയ്ക്കലിനിറങ്ങിയത്.
മാങ്ങാട്ടിടം പഞ്ചായത്തിലെ നിർമലഗിരി - രാമപുരം റോഡരികിലെ പൈപ്പ് ലൈനിനായി എടുത്തതായിരുന്നു കുഴി. കരാറുകാരൻ ഇത് മൂടിയെങ്കിലും മഴയിൽ വെള്ളമൊഴുകി മണ്ണൊലിച്ച് പോയി വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു.
കുഴി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായി മാറിയിരുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കരാറുകാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശരിയായ രീതിയിൽ കുഴിയടയ്ക്കുന്നതിന് കാലതാമസം വരുമെന്ന് തിരിച്ചറിഞ്ഞതോടെ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയാണ് ഡോ. എ. ജോസഫ് കുഴിയടച്ചത്.
മഴ മാറിയാൽ ഇവിടെ കോൺക്രീറ്റ് ചെയ്യുന്നതിനെക്കുറിച്ചും ഇദ്ദേഹത്തിന് ആലോചനയുണ്ട്. രണ്ട് കിലോമീറ്ററോളം ഭാഗത്തെ കുഴിയാണ് ഡോക്ടർ സ്വന്തം നിലയിൽ അടച്ചത്.