കണ്ണൂരിൽ റെയിൽവേയ്ക്ക് ഇനി "സ്വന്തം' ഓട്ടോ
1434522
Tuesday, July 9, 2024 1:34 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓട്ടോറിക്ഷകൾ സർവീസ് തുടങ്ങി. ഇതിനുമുന്നോടിയായി റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകൾക്ക് റെയിൽവേ നന്പർ നല്കി. മൂന്നുമാസം പാർക്ക് ചെയ്യാൻ ഒരു വാഹനത്തിൽ നിന്നും 855 രൂപ റെയിൽവേ ഈടാക്കും.
ഓട്ടോറിക്ഷയുടെ നന്പരും ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങളും റെയിൽവേ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടാകും. ആദ്യഘട്ടത്തിൽ 117 ഓട്ടോറിക്ഷകൾക്കാണ് സ്റ്റിക്കർ നല്കിയിരിക്കുന്നത്. 200 ഓട്ടോറിക്ഷകൾക്കുവരെ സ്റ്റിക്കർ നല്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളുടെ മുൻവശത്തുതന്നെയാണ് ഓട്ടോറിക്ഷകളുടെ പാർക്കിംഗ്. ഓട്ടോറിക്ഷകൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഏതു സമയവും പാർക്ക് ചെയ്യാം. എന്നാൽ, രാത്രി എട്ടിനുശേഷം ഓടുന്ന ഓട്ടോറിക്ഷകൾക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്റെ അനുവാദം ഉണ്ടായിരിക്കണം. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്ന സ്ഥത്ത് സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങും. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചങ്ങിൽ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ, ഡപ്യൂട്ടി സ്റ്റേഷൻ മാനേജൻ നിസാർ അഹമ്മദ്, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ പി.വി. രാജീവ് കുമാർ, എംഎംവിഐ വരുൺ ദിവാകരൻ, ആർപിഎഫ് എസ്ഐ ടി. വിനോദ്, എസ്ഐ മനോജ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്റ്റിക്കർ പതിച്ച സുരക്ഷ
ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിച്ചതിനാൽ ഏത് സമയത്തും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വന്നിറങ്ങിയാൽ അവരെ വീടുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാം. യാത്രക്കാരന്റെ സാധന സാമഗ്രഹികൾ മറന്നുപോകുക, കവർച്ചയ്ക്കോ ആക്രമണത്തിന് ഇരയാകുക തുടങ്ങിയവ സംഭവിച്ചാൽ യാത്രക്കാരൻ സഞ്ചരിച്ച ഓട്ടോറിക്ഷയിലെ സ്റ്റിക്കർ ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.
റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ഓട്ടോപാർക്കിംഗ് കേന്ദ്രത്തിൽ സ്റ്റിക്കർ പതിച്ച ഓട്ടോറിക്ഷകൾക്ക് മാത്രമേ ഇനിമുതൽ യാത്രക്കാരെ കയറ്റാൻ സാധിക്കൂ. സ്റ്റിക്കറില്ലാത്ത ഓട്ടോറിക്ഷകൾക്ക് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കാൻ മാത്രമേ സാധിക്കൂ. യാത്രക്കാർക്ക് പരാതിയുണ്ടായാൽ റെയിൽവേയുടെ സേവനത്തിൽ നിന്നും ഡ്രൈവർ പുറത്താകും. കുറ്റകൃത്യങ്ങൾ ഒന്നും ഇല്ലെന്ന് പോലീസ് സാക്ഷ്യപ്പെടുത്തിയവരാണ് റെയിൽവേ ഓട്ടോറിക്ഷയിലെ ഡ്രൈവർമാർ. നേരത്തെ, പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഇത് യാത്രകാർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, അതിന്റെ പ്രവർത്തനം നിലച്ചതോടെ റെയിൽവേയുടെ ഓട്ടോ സർവീസ് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്.