ഇരട്ടി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്
1434511
Tuesday, July 9, 2024 1:34 AM IST
ഇരിട്ടി: നഗരസഭ അങ്കണവാടി വർക്കർ നിയമന വിവാദം അജൻഡ മാറ്റിവച്ച് പ്രത്യേക വിഷയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഇരിട്ടി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. ഇന്നലെ കൗൺസിൽ യോഗം ആരംഭിച്ചപ്പോഴായിരുന്നു പ്രതിപക്ഷാംഗങ്ങളൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇക്കാര്യം ചെയർപേഴ്സൺ തള്ളിയതോടെ ബഹളം ആരംഭിച്ചു. ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിൽ അഞ്ച് സാമൂഹ്യ പ്രവർത്തകരുടെ പേരുകൾ നൽകിയത് കൗൺസിൽ യോഗം അറിയാതെയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതിനു ശേഷം മതി മറ്റു കാര്യങ്ങളിലുള്ള ചർച്ച എന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
അജൻഡ അംഗീകരിച്ച ശേഷം മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൺ കെ. ശ്രീലത ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും എതിർവിഭാഗം അംഗീകരിച്ചില്ല. നടുത്തളത്തിലെ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ അജൻഡ അംഗീകരിച്ചതായി ചെയർപേഴ്സൺ പ്രഖ്യാപിച്ചു. ഇതോടെ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഭരണകക്ഷി അംഗങ്ങൾ കൗൺസിൽ ഹാൾ വിട്ടു.
ഭരണപക്ഷം സഭ വിട്ടിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. റാങ്ക് ലിസ്റ്റിന്റെ പകർപ്പ് കീറി എറിയുകയും ചെയ്തു. ഇതിനിടയിൽ മറ്റ് പ്രതിപക്ഷ കക്ഷികളായ എസ്ഡിപിഐയും ബിജെപിയും ചെയർമാന്റേയും ഭരണ സമിതി അംഗങ്ങളുടേയും പിന്നാലെ എത്തി ചെയർപേഴ്സന്റെ മുറിയിലും പ്രതിഷേധിച്ചു. ഇത് ഭരണ കക്ഷി അംഗങ്ങളുമായി ഏറെ നേരം വാക്കേറ്റത്തിനും ഇടയാക്കി.