പാഴ്വസ്തു ശേഖരണ കെട്ടിട സമുച്ചയ നിർമാണം; സ്ഥലം അളവ് തുടങ്ങി
1431207
Monday, June 24, 2024 1:05 AM IST
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പാഴ്വസ്തു ശേഖരണ കെട്ടിട സമുച്ചയം പാലപ്പുഴയിലെ പുറമ്പോക്ക് ഭൂമിയിൽ സാധ്യമാണോയെന്ന പ്രാരംഭഘട്ട പരിശോധനകൾ ആരംഭിച്ചു.
മുഴക്കുന്ന് പഞ്ചായത്തിന്റെ കൈവശമുള്ള 136 ഏക്കർ ഭൂമിയിൽ മലയോര ഹൈവേയോട് ചേർന്നുള്ള ഒരു ഏക്കർ ഭൂമി പുഴയുടെ അതിര് നിശ്ചയിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. ഈ സ്ഥലത്താണ് നിർദ്ദിഷ്ട കെട്ടിടം നിർമിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയർ പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ സഥലം സന്ദർശിച്ച് അളവ് ആരംഭിച്ചത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ പാഴ്വസ്തു സംഭരണ കേന്ദ്രം, ബെയ്ലിംഗ് യൂണിറ്റ്, ടേക്ക് എ ബ്രെക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുക.
ബാവലി പുഴയുടെ അതിര് അളന്ന് നൽകുന്നതോടെ പ്രോജക്ട് തയാറാക്കി വിവിധ മെഷീനുകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, സെക്രട്ടറി പി.ജെ. ബിജു, ഓവർസിയർ കെ. നുഫൈല, സീനിയർ ക്ലർക്ക് പ്രതീഷൻ ഓളോക്കാരൻ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവർ റവന്യു സംഘത്തെ അനുഗമിച്ചു.