ചാലാട് കവർച്ചയ്ക്കിടെ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
1431136
Sunday, June 23, 2024 7:41 AM IST
കണ്ണൂർ: ചാലാട് കവർച്ചയ്ക്കെത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട മൂന്നംഗസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. വാരം മതുക്കോത്തെ പി.വി. സൂര്യൻ, വലിയന്നൂരിലെ ആനന്ദൻ എന്നിവരെയാണ് വലിയന്നൂരിൽ നിന്ന് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. സംഘത്തിലെ മൂന്നാമനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ചാലാട് അന്പലത്തിന് സമീപത്തെ കെ.വി. കിഷോറിന്റെ വീട്ടിൽ 16 ന് പുലർച്ചെയാണ് സംഘം കവർച്ചാശ്രമം നടത്തിയത്.
കവർച്ചാസംഘത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ കിഷോറിന്റെ ഭാര്യ ലിനി (48), മകൻ അഖിൻ എന്നിവർക്ക് പരിക്കേറ്റിരുന്നു.
തുറന്നിട്ട അടുക്കള വാതിൽ വഴി അകത്തുകയറിയ രണ്ടുപേർ പാചകം ചെയ്യുകയായിരുന്ന ലിനിയെ തള്ളിയിട്ട് കഴുത്തിലണിഞ്ഞ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. ലിനിയുടെ നിലവിളികേട്ട് മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ അഖിൻ ഓടിവരികയായിരുന്നു. നിലത്തുവീണ അമ്മ കള്ളന്മാരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതാണ് അഖിൻ കാണുന്നത്. ഉടൻ തന്നെ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് കള്ളൻമാരെ മർദിച്ചു. ഇതിനിടെ കൈയിൽ കരുതിയിരുന്ന വടി ഉപയോഗിച്ച് മോഷ്ടാക്കളും അഖിനിനെ തിരിച്ചാക്രമിച്ചു. അഖിനിന്റെ ഷോൾഡറിന് പരിക്കേറ്റിരുന്നു. ഈ സമയം ലിനിയുടെ ഭർത്താവ് കിഷോർ ബാത്ത് റൂമിലായിരുന്നു.
വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ടുപേർ വീടിനകത്തേക്ക് ഓടിക്കയറി മാല പൊട്ടിക്കാൻ ശ്രമിച്ചത്. മോഷണ സംഘത്തിലെ മൂന്നാമൻ ഈ സമയം വീടിനുപുറത്ത് നില്ക്കുകയായിരുന്നു. ഈ ദിവസം തന്നെ കിഷോറിന്റെ വീടിനടുത്തുള്ള രൂപേഷിന്റെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു.
പ്രദേശത്തെ ആറോളം സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ അതിസാഹസികമായാണ് കണ്ണൂർ ടൗൺ പോലീസ് പ്രതികളെ പിടികൂടിയത്. മൂന്നാമന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ടൗൺ സിഐ ടോണി ജെ മറ്റം, എസ്ഐമാരായ സവ്യ സച്ചി, പി.പി. ഷമിൽ, എം. അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.