നിരോധിത കുപ്പിവെള്ളവും പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി
1431115
Sunday, June 23, 2024 7:29 AM IST
തളിപ്പറമ്പ്: നിബന്ധനകൾക്കും നിയമവിധേയവുമല്ലത്ത രീതിയിലുള്ള കുപ്പിവെള്ളവും പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറന്പിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അയ്യായിരത്തിലധികം 300 മില്ലി ലിറ്റർ കുപ്പി വെള്ളവും ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് പിടികൂടിയത്.
തളിപ്പറമ്പിലെ പ്രസ്റ്റീജ് പ്ലാസ്റ്റിക് സൊല്യൂഷൻ, ബിസ്മി മാർക്കറ്റിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് അഞ്ഞൂറ്റി ഇരുപത് കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്.
ബിസ്മി മാർക്കറ്റിംഗ് കമ്പനിയുടെ ഗോഡൗണിൽ നിന്നാണ് കാറ്ററിംഗ് ഏജൻസികൾക്ക് വിൽക്കുന്നതിനായി രഹസ്യമായി ശേഖരിച്ചുവച്ച 5000 ത്തിലധികം 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികൾ പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണം ഉള്ള പേപ്പർ കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ, ഗാർബേജ് ബാഗുകൾ എന്നിവയാണ് പ്രസ്റ്റീജ് പാക്കിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, നിതിൻ വത്സൻ, തളിപ്പറമ്പ് നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എം രമ്യ, പി. ലതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.