ദീപിക"യംഗ് ജീനിയസ് മീറ്റ്' ഇന്ന് ധർമശാലയിൽ
1430723
Saturday, June 22, 2024 1:01 AM IST
കണ്ണൂർ: മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെയും സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന "യംഗ് ജീനിയസ് മീറ്റ്' ഇന്ന് ധർമശാലയിൽ നടക്കും.
ഉച്ചകഴിഞ്ഞ് 1.15 ന് കണ്ണൂർ ധര്‍മശാല ലക്സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിൽ പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിന്റെ രംഗപൂജയോടെ പരിപാടികൾക്ക് തുടക്കമാകും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. കെ.കെ. സാജു, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബെന്നി വാഴപ്പള്ളി, സാന്റാമോണിക്ക സീനിയര്‍ റീജിയണല്‍ മാനേജര്‍ ലിഷ യോഹന്നാൻ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും.
നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങില്‍ പ്രത്യേകം ആദരിക്കും. ഫെഡാർ സിഇഒ ഫാ.നോബിള്‍ പാറയ്ക്കല്‍ " ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസരംഗം' എന്ന വിഷയത്തിൽ ക്ലാസെടുക്കും. കണ്ണൂര്‍ ദീപിക റസിഡന്റ് മാനേജർ ഫാ. മാത്യു വലിയപറമ്പില്‍ സ്വാഗതവും ദീപിക മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. അനൂപ് ചിറ്റേട്ട് നന്ദിയും പറയും.