നിരവധി കവർച്ചാ കേസുകളിലെ മുഖ്യപ്രതിയടക്കം മൂന്നു പേർ അറസ്റ്റിൽ
1425135
Sunday, May 26, 2024 8:36 AM IST
തലശേരി: ധർമടം, പള്ളൂർ, കൊയിലാണ്ടി മേഖലകളിൽ നിരവധി കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. വടകര മുട്ടുങ്ങലിലെ നംഗ്യാർകുട്ടിക്കുനിയിൽ എൻ. മണി (40), തമിഴ്നാട് തഞ്ചാവൂർ ഗാന്ധി നഗർ കോളനിയിലെ സെംഗിപ്പെട്ടിയിൽ മുത്തു (32), തഞ്ചാവൂർ വള്ളൂർ പെരിയ നഗറിലെ ആർ. വിജയൻ(35) എന്നിവരാണ് അറസ്റ്റിലായത്. തലശേരി എഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.
പാലയാട് ചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത റിട്ട.ഹെൽത്ത് ഇൻസ്പക്ടർ പി.കെ.സതീശന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് മൂന്നുപേരും പിടിയിലാകുന്നത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ധർമടം, പള്ളൂർ, കൊയിലാണ്ടി മേഖലകളിലെ കവർച്ചകളുടെയും ചുരുളഴിഞ്ഞത്. സംഘാംഗമായ മണിയാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പ്രതികളെ കുറിച്ചു വിവരം ലഭിച്ചത്.
ഇവർ കൊയിലാണ്ടിയിലുണ്ടെന്ന് മൊഴി നൽകിയതിനെ തുടർന്ന് തലശേരി പോലീസ് ഇക്കാര്യം കൊയിലാണ്ടി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടിയിൽ നടത്തിയ ചില കവർച്ചകളിലെ സ്വർണമുൾപ്പെടെയുള്ള തൊണ്ടി മുതലുകളും കണ്ടെടുത്തു. ഇക്കഴിഞ്ഞ 16 നായിരുന്നുചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത് റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.സതീശന്റെ വീട് കുത്തിതുറന്ന് അഞ്ചുപവൻ സ്വർണവും 5000 രൂപയും കവർന്നത്.
പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചനവയൽ പറമ്പിലെ ഷാജിയുടെ ബൈക്ക് കവർന്നതും തങ്ങളാണെന്ന് പിടിയിലായവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബൈക്ക് പിന്നീട് എരഞ്ഞോളി കണ്ടിക്കൽ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.