ചപ്പാരപ്പടവിൽ ഡെങ്കിപ്പനി പ്രതിരോധ നടപടി ഊർജിതമാക്കി
1424723
Saturday, May 25, 2024 1:32 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് താഴെ എടക്കോം മേഖലയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി പ്രദേശത്ത് ബോധവത്കരണം, റബർ, കമുക് തോട്ട നിരീക്ഷണം, കൊതുക് സാന്ദ്രതാപഠനം, ഉറവിടം നശീകരണം, രോഗികളുടെ വീട്ടിൽ സന്ദർശനം, പ്രതിരോധോപാധികളുടെ വിതരണം, സ്പ്രേയിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
പ്രസിഡന്റിന്റെയും പഞ്ചായത്തംഗം അജ്മലിന്റെയും നേതൃത്വത്തിൽ തൊഴിലുറപ്പ് കേന്ദ്രങ്ങൾ സന്ദർശനം നടത്തുകയും എലിപ്പനി പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ നവരംഗ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിയമപരമായ പരിശോധനയിൽ കൊതുകുജന്യ രോഗങ്ങളുടെ പകർച്ചയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങൾ പ്രദേശത്ത് സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടു.
ഇത്തരം നിയമലംഘനങ്ങൾ തുടരുന്ന പക്ഷം പതിനായിരം രൂപയിൽ കുറയാത്ത പിഴ ഈടാക്കുന്ന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ മെഡിക്കൽ ഓഫീസർ ഡോ. അരുൺ ശങ്കർ അറിയിച്ചു.