പോസ്റ്റ് ഓഫീസുകളിൽ സ്റ്റാന്പുകൾക്ക് ക്ഷാമം; ഡിപ്പോകളിലും ആവശ്യത്തിന് സ്റ്റോക്കില്ല
1424711
Saturday, May 25, 2024 1:32 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: പോസ്റ്റ് ഓഫീസുകളിൽ സ്റ്റാന്പ് ഉൾപ്പെടെയുള്ള തപാൽ വസ്തുക്കൾക്ക് കടുത്ത ക്ഷാമം. ഒന്ന്, മൂന്ന്, നാല്, അഞ്ച്, 20 രൂപകളുടെയും 50 പൈസയുടെയും സ്റ്റാന്പുകൾ പല ഓഫീസുകളിലും കിട്ടാനില്ല. കൂടാതെ ഇൻലന്റ്, തപാൽ കവറുകൾ, പോസ്റ്റ് കാർഡുകൾ എന്നിവയുടെ ലഭ്യതയും കുറവാണ്. മലബാർ മേഖലയിലെ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ തപാൽ ഓഫീസുകളിലാണ് സ്റ്റാന്പ് ഉൾപ്പെടെയുള്ള ഉരുപ്പടികൾക്ക് കടുത്ത ക്ഷാമം നേരിടുന്നത്. അതേ സമയം പത്ത് രൂപയുടെയും പതിനഞ്ച് രൂപകളുടെയും സ്റ്റാന്പുകൾ സുലഭവുമാണ്.
കുറഞ്ഞ വിലയുടെ സ്റ്റാന്പുകൾ ലഭ്യമല്ലാത്തതിനാൽ ഉപയോക്താക്കൾ ആവശ്യമായതിലും കൂടുതൽ വിലയുടെ സ്റ്റാന്പുകൾ പതിച്ച് തപാൽ അയക്കേണ്ട അവസ്ഥയാണ്. തപാൽ സംവിധാനത്തിൽ ഏറ്റവും കൂടുതൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്നത് ബുക്ക് പോസ്റ്റ് സംവിധാനത്തിലാണ്. നാലു രൂപയാണ് ഇതിന്റെ നിരക്ക്. പത്തു രൂപയ്ക്ക് താഴെയുള്ള സ്റ്റാന്പുകൾക്ക് ക്ഷാമം നേരിട്ടതോടെ നാല് രൂപയ്ക്ക് പകരം പത്തു രൂപയുടെ സ്റ്റാന്പ് പതിക്കേണ്ടി വരുന്നുണ്ട്.
കോഴിക്കോടുള്ള ഡിപ്പോയിൽ നിന്നാണ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പോസ്റ്റ് ഓഫീസുകളിലേക്കുള്ള സ്റ്റാന്പുകളടക്കമുള്ള വസ്തുക്കൾ വിതരണം ചെയ്യുന്നത്. സാധാരണ ഗതിയിൽ ഡിപ്പോയിൽ തങ്ങൾക്കു കീഴിലുള്ള പോസ്റ്റ് ഓഫീസുകൾക്ക് ആവശ്യമായ ഉരുപ്പടികൾ വിതരണം ചെയ്തു കഴിഞ്ഞാലും കരുതൽ ശേഖരം ഉണ്ടാകാറുണ്ട്. നാസിക്കിൽ നിന്നുള്ള പ്രിന്റിംഗ് യൂണിറ്റിൽ നിന്ന് എന്തെങ്കിലും കാരണവശാൽ ഉരുപ്പടികൾ എത്താൻ വൈകിയാൽ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് കരുതൽ ശേഖരം. എന്നാൽ, കോഴിക്കോട് ഡിപ്പോയിൽ നിലവിൽ കരുതൽ ശേഖരത്തിൽ അഞ്ചു രൂപയിൽ കുറഞ്ഞ വസ്തുക്കൾ ഒന്നുമില്ലെന്നാണ് വിവരം. മറ്റുള്ളവയുടെ സ്റ്റോക്കും പരിമിതമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് ഡിപ്പോയിലേക്ക് തപാൽ വസ്തുക്കൾ എത്തുന്നതിൽ കുറവ് വന്നത്. പോസ്റ്റ് ഓഫീസുകളിൽ ആവശ്യമായ സേവനം ലഭിക്കാത്ത സാഹചര്യത്തിൽ പലരും സ്വകാര്യ കൊറിയർ സർവീസുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് പോസ്റ്റ് ഓഫീസുകളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാനാണ് സാധ്യതയെന്ന് തപാൽ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസുകളിലേക്കാവശ്യമായ വസ്തുക്കൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ വേണമെന്ന് ജീവനക്കാർ തന്നെ പറയുന്നു.