കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഞ്ചരിക്കുന്ന ചികിത്സാ ക്ലിനിക് പ്രവർത്തനം തുടങ്ങി
1424552
Friday, May 24, 2024 1:28 AM IST
കണ്ണൂർ: നേത്ര ചികിത്സാരംഗത്ത് 25 വർഷം പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ച് കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ്, തലശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തുന്ന സൗജന്യ നേത്ര ചികിത്സാ വിഭാഗം വിപുലീകരിക്കും. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ക്ലിനിക് പര്യടനം ആരംഭിച്ചു.
പ്രാഥമികമായ നേത്ര ചികിത്സക്കുള്ള എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജീകരിച്ച വാഹനമാണ് സൗജന്യ സേവനത്തിനായി ഒരുക്കിയത്. റസിഡൻസ് അസോസിയേഷനുകൾ, മറ്റ് സന്നദ്ധ സഘടനകൾ എന്നിവയുടെ സഹകരണത്തോടെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അതത് പ്രദേശങ്ങളിൽ മൊബൈൽ ഐ ക്ലിനികിന്റെ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് തലശേരി കോംട്രസ്റ്റ് കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീനി എടക്ലോൻ പറഞ്ഞു.
തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ചെയ്തു കൊടുക്കും. വ്യവസായ ശാലകളിലെയും സ്ഥാപനങ്ങളിലെയും മറ്റും തൊഴിലാളികളുടെ നേത്ര സംരക്ഷണം ഉറപ്പാക്കാൻ അവിടങ്ങളിലും സേവനം ലഭ്യമാക്കും.
സ്കൂളുകളിലേക്കും സഞ്ചരിക്കുന്ന നേത്ര ചികിത്സയുടെ പ്രവർത്തനം വിപുലമാക്കും. മൊബൈൽ ക്ലിനികിന്റെ ഫ്ലാഗ്ഓഫ് കണ്ണൂർ ഡിഎംഒ ഡോ. പിയൂഷ് നന്പൂതിരിപ്പാടും തലശേരി കോംട്രസ്റ്റ് കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീനി എടക്ലോണും ചേർന്നു തലശേരിയിൽ നിർവഹിച്ചു. തുടർന്ന് മൊബൈൽ ക്ലിനികിന്റെ ആദ്യ സൗജന്യ ചികിത്സാ ക്യാന്പ് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്കായി തലശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തി.