ഓട്ടുറുമ പ്രതിരോധത്തിന് ജൈവ കീടനാശിനി വികസിപ്പിച്ചെടുത്ത് കർഷക ശാസ്ത്രജ്ഞൻ
1424545
Friday, May 24, 2024 1:28 AM IST
തളിപ്പറമ്പ്: ഓട്ടുറുമശല്യത്തെ പ്രതിരോധിക്കാന്‍ ജൈവകീടനാശിനിയുമായി കര്‍ഷക ശാസ്ത്രജ്ഞന്. പന്നിയൂരിലെ കെ.കെ. ജലീലാണ് ജൈവ കീടനാശിനി വികസിപ്പിച്ചെടുത്തത്. ഓട്ടുറുമകള്ക്ക് നേരെ സ്പ്രേ ചെയ്തു കഴിഞ്ഞാല്‍ മൂന്ന് മുതല്‍ പത്ത് സെക്കൻഡുകള്‍ക്കുള്ളില്‍ ഇവ പൂര്‍ണമായി നശിക്കുമെന്നും ഇത് മനുഷ്യര്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ ഒരു വിധത്തിലും ദോഷം ചെയ്യില്ലെന്നും കെ.കെ. ജലീൽ പറഞ്ഞു. മഞ്ഞളാണ് കീടനാശിനിയുടെ മുഖ്യഘടകം. തന്റെ കണ്ടുപിടുത്തത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി കീടനാശിനിയും സാങ്കേതിക വിവരങ്ങളും കൃഷി വിജ്ഞാനകേന്ദ്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.
2008 ല്‍ കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം ഇന്ത്യയില്‍ ആദ്യമായി നടത്തിയ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ ജലീലിന്റെ അഞ്ച് വ്യത്യസ്ത കണ്ടുപിടുത്തങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചിരുന്നു. ഓട്ടുറുമകളെ പ്രതിരോധിക്കാന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമാണ് ജൈവ കീടനാശിനിയെന്ന് കെ.കെ.ജലീൽ പറഞ്ഞു.
ഇടുക്കിയില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ ജലീലും കുടുംബവും വര്‍ഷങ്ങളായി പന്നിയൂരിലാണ് താമസം. കഴിഞ്ഞ 16 വർഷത്തിനിടെ കാര്‍ഷികമേഖലയില്‍ അന്‍പതിലേറെ വ്യത്യസ്ത കണ്ടുപിടിത്തങ്ങൾ ജലീലിന്റെ പേരിലുണ്ട്. ഓട്ടുറുമശല്യം കാരണം മലയോര മേഖലകളിലും ഇപ്പോള്‍ നഗരങ്ങളില്‍ പോലും ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. മാരകമായ വിഷം തളിച്ചാണ് പലരും ഇപ്പോൾ ഓട്ടുറുമകളെ നശിപ്പിക്കുന്നത്.