അക്കരക്കൊട്ടിയൂരിലേക്ക് ഭണ്ഡാരം എത്തിച്ചു
1424320
Thursday, May 23, 2024 12:44 AM IST
കൊട്ടിയൂര്‍: അക്കരക്കൊട്ടിയൂരിലേക്ക് ഭണ്ഡാരം എത്തിച്ചു. മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ നിന്നുള്ള ഭണ്ഡാരമെഴുന്നള്ളത്ത് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഇനി ഭക്തജനങ്ങൾക്ക് ദർശന കാലം. അര്‍ധരാത്രിയോടെയാണ് ഭണ്ഡാരം എഴുന്നള്ളത്ത് പൂർത്തിയായത്. സ്പതമാതൃപുരം എന്ന ചപ്പാരത്തെ ഭഗവതിയുടെ വാളുകളും ഭണ്ഡാരത്തോടൊപ്പം കൊട്ടിയൂരിലേക്ക് എഴുന്നളളിച്ചു.
സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പാത്രങ്ങളാണ് ഭണ്ഡാരങ്ങള്‍. ഏഴില്ലക്കാരായ വാളശൻമാരും അടിയന്തര യോഗവും മണാളനും ചേര്‍ന്ന് കരിമ്പന ഗോപുരവും പിന്നെ നിലവറയും തുറന്ന് ഭണ്ഡാരങ്ങളും മറ്റു പൂജാ പാത്രങ്ങളും പുറത്തെടുത്ത് കണക്കപ്പിള്ളയെ ഏല്‍പ്പിച്ചു. കണക്കപ്പിളള ഭണ്ഡാരങ്ങള്‍ കുടിപതികളെ എല്‍പ്പിച്ചു. കുടിപതി സ്ഥാനിക ഭണ്ഡാരങ്ങൾ കാവുകളാക്കി ഒരുക്കി തോളിലേറ്റിയും പൂജാ കുംഭങ്ങൾ കൈകളിൽ എടുത്തും ആണ് എഴുന്നള്ളിച്ചത്. ഏഴില്ലക്കാരായ വാളശന്മാര് ചപ്പാരം വാളും എഴുന്നള്ളിച്ചു. അര്‍ദ്ധരാത്രിയോടെ എഴുന്നളളത്ത് ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചേർന്നു.
മുതിരേരിയിൽ നിന്ന് ഇന്നലെ സന്ധ്യയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടു വന്ന വാള്, ഇക്കരെയിലെ ബലിബിംബങ്ങള്‍ എന്നിവ കൂടി ചേര്‍ന്ന് ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചു. സ്വയംഭൂവിൽ ജലാഭിഷേകത്തോടെ നിത്യപൂജകൾക്ക് തുടക്കമായി.വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അമ്മാറക്കൽ കുടയും കൊട്ടിയൂരിലെത്തിച്ചു.