കാട്ടാനകളുടെ വിളയാട്ടത്തിൽ വ്യാപക കൃഷിനാശം
1424097
Wednesday, May 22, 2024 1:48 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, മുടിക്കയം, ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ്, ആനപ്പാറ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കച്ചേരിക്കടവിലെ ജനവാസ മേഖലയിൽ കഴിഞ്ഞ രാത്രി 10 ആനകളാണ് എത്തിയത്. ബാരാപോൾ പുഴയോരത്തോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ആനക്കൂട്ടത്തിന്റെ വിളയാട്ടം. ബിജു നരിമറ്റത്തിന്റെ വീട്ടുപറമ്പിലെ നൂറോളം കവുങ്ങുകൾ ആനക്കൂട്ടം പിഴുതിട്ടു. രണ്ടുവർഷം മുതൽ അഞ്ചുവർഷം പ്രായമായ കമുകുകളാണ് വ്യാപകമായി നശിപ്പിച്ചത്. വേനലിൽ വെള്ളം നനച്ച് സംരക്ഷിച്ചു വന്ന കൃഷിയാണ് ഒറ്റ രാത്രിയിൽ ആന നശിപ്പിച്ചത്. ജലസേചന സൗകര്യത്തിനുള്ള പൈപ്പുകളും വ്യാപകമായി നശിപ്പിച്ചു. രണ്ട് ഏക്കറോളം കൃഷിയിടം പൂർണമായും ആനക്കൂട്ടം ചവിട്ടിക്കൂട്ടിയ നിലയിലാണ്.
പ്രദേശത്തെ ജോർജ് പുതുപ്പറമ്പിൽ, പുളിക്കൽ ഏബ്രഹാം, പ്രിൻസി വെട്ടിക്കാട്ടിൽ എന്നിവരുടെ കൃഷിയിടങ്ങൾക്കും നാശം വരുത്തി. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തെ കശുമാവിൻ ചുവട്ടിൽ അഞ്ചുവയസ് തോന്നിക്കുന്ന കൊമ്പൻ ചെരിഞ്ഞിരുന്നു. ഇതിനോട് അടുത്ത പ്രദേശത്താണ് വീണ്ടും ആനക്കൂട്ടം എത്തിയത്. കഴിഞ്ഞദിവസം മാക്കൂട്ടത്ത് 15 ആനകൾ റോഡ് മുറിച്ചു കടന്ന് വനമേഖലയിലേക്ക് പ്രവേശിച്ചിരുന്നു.
സംസ്ഥാനതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മേഖലയിലാണ് ആനക്കൂട്ടത്തെ കണ്ടെത്തിയത്. മേഖലയിൽ ആന പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽ നിന്ന് കാട്ടാനകൾ നേരെ പുഴകടന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം, പാലത്തുംക്കടവ് ,കച്ചേരിക്കടവ്, ബാരാപ്പുഴ ഭാഗങ്ങളിൽ എത്തുകയാണ്. കച്ചേരിക്കടവ് ഇടവക വികാരി മാത്യുപൊട്ടംപ്ലാക്കൽ, വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം, വനംവകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
ആനയുടെ ശല്യം അതിരൂക്ഷമായ ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ആനപ്പാറ - ശാന്തിനഗർ റോഡിലെ ആനപ്പാറ ഇലവുങ്കച്ചാലിൽ പ്രസാദിന്റെ വീടിനു മുന്നിൽ രാത്രിയിൽ രണ്ട് ആനകൾ മെയിൻ റോഡിൽ ഇറങ്ങി ഭീതി സൃഷ്ടിച്ച സംഭവം ഉണ്ടായി. ആനയെ നാട്ടുകാരും വനപാലകരും ചേർന്നാണ് പിന്നീട് കാട്ടിലേക്ക് തുരത്തിയത്.