പദ്ധതി നിർവഹണം: ഉളിക്കൽ പഞ്ചായത്തിന് മികച്ച നേട്ടം
1416729
Tuesday, April 16, 2024 7:15 AM IST
ഉളിക്കൽ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ 97.66 ശതമാനം പദ്ധതി തുക ചെലവഴിച്ചുകൊണ്ട് ഉളിക്കൽ പഞ്ചായത്ത് പഞ്ചായത്ത് തലത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനത്ത് എത്തി. സംസ്ഥാനതലത്തിൽ 11-ാം സ്ഥാനം ഉളിക്കൽ പഞ്ചായത്ത് കൈവരിച്ചു. നടപ്പ് സാമ്പത്തിക വർഷം അഞ്ച് കോടി 13ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഉളിക്കൽ പഞ്ചായത്ത് ചെലവഴിച്ചത്.
ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി, പുതിയ റോഡുകളുടെ നിർമാണം, റോഡുകളുടെ അറ്റകുറ്റപണി, റിംഗ് കമ്പോസ്റ്റ്, ബഡ്സ് സ്കൂൾ, കാലാങ്കി ടേക്ക് എ ബ്രേക്ക്, എരുതുകടവ് - കുണ്ടേരി കുടിവെള്ള പദ്ധതികൾ , അങ്ങാടിശേരിത്തട്ട് മിനി ഇൻഡസ്ട്രി എസ്റ്റേറ്റിൽ എംസിഎഫ് , വനിതാ വർക്ക് ഷെഡ് എന്നിവയുടെ നിർമാണം, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ലക്ഷ്യമിട്ട പദ്ധതികൾ പൂർത്തീകരിക്കാൻ ഈ സാമ്പത്തിക വർഷം പഞ്ചായത്തിന് സാധിച്ചു.
പദ്ധതിവിഹിതങ്ങൾ സമയബന്ധിതമായി ലഭിക്കാതെ പഞ്ചായത്തുകൾ പൊതുവേ പ്രതിസന്ധി നേരിട്ട ഈ കാലഘട്ടത്തിലും മികച്ച പ്രവർത്തനം നടത്താൻ ഉളിക്കൽ ഗ്രാമ പഞ്ചായത്തിന് സാധിച്ചു. മികച്ച നേട്ടം കൈവരിക്കാൻ കഠിനാധ്വാനം ചെയ്ത പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ജീവനക്കാർ തുടങ്ങിയ എല്ലാവരുടെയും പ്രവർത്തനങ്ങളെ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അഭിനന്ദിച്ചു.