ബൂത്ത് വീട്ടിലെത്തും; നാളെ മുതൽ
1416465
Sunday, April 14, 2024 7:44 AM IST
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ ഭിന്നശേഷിക്കാരേയും 85 വയസ് കഴിഞ്ഞവരേയും വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രവർത്തനം നാളെ ആരംഭിക്കും. 20 വരെയാണ് ഈ സൗകര്യം.
കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10,960 പേരാണ് 85+, ഭിന്നശേഷിക്കാർ എന്ന വിഭാഗങ്ങളിൽ പോസ്റ്റൽ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.
ഒരു ടീമിൽ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകൾക്ക് നാളെ രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകൾ സന്ദർശിച്ച് വോട്ടു ചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബിഎൽഒ മാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകുന്നേരം തന്നെ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിക്ക് കൈമാറുകയും സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയും ചെയ്യും.
ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ വരികയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും.
രണ്ടാമത്തെ സന്ദർശനത്തിന്റെ തീയതി ആദ്യസദർശന വേളയിൽ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിച്ചിരിക്കും. രണ്ടാമത്തെ സന്ദർശനവേളയിലും വോട്ടർ വീട്ടിലില്ലെങ്കിൽ പിന്നെ ഒരു അവസരം നല്കുന്നതല്ല. അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നി ല്ലെങ്കിൽ വോട്ടർക്ക് തന്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ വയ്ക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ, സ്ഥാനാർഥിയുടെ പ്രതിനിധികളോയോ, സ്ഥാനാർഥിയെയോ വയ്ക്കാൻ പാടില്ല.
സഹായിക്ക് 18 വയസ് പൂർത്തിയായിരിക്കണം. സഹായിയും സത്യ പ്രസ്താവന എഴുതി ഒപ്പിട്ട് ടീമിന് നല്കണം. കണ്ണൂർ മണ്ഡലത്തിൽ ആകെ 8457 പേരാണ് 85 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തി ലേക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകൾ പരിശോധിച്ചതിനു ശേഷം 8434 പേർ ഈ വിഭാഗത്തിൽ അർഹരാണ് എന്ന് കണ്ടെത്തി. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 3948 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2526 പേർ രേഖകൾ പരിശോധിച്ചതിനു ശേഷം അർഹരാണെന്ന് കണ്ടെത്തി.