ഇരിപ്പിടവും ഫാനുമില്ല; പേരാവൂർ താലൂക്ക് ആശുപത്രിയിൽ ദയനീയ കാഴ്ച
1416104
Saturday, April 13, 2024 1:15 AM IST
പേരാവൂർ: താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികൾക്കും മറ്റ് ആളുകൾക്കും ഇരിക്കാൻ ഇരിപ്പിടവും കൊടുംചൂടിൽ ഫാൻ പോലും ഇല്ലാത്തതിൽ ആളുകൾ പ്രതിഷേധിച്ചു. നിരവധി രോഗികളാണ് ഇരിപ്പിടം ഇല്ലാത്തതിനാൽ തറയിലും മതിലിലുമായി ഇരിക്കുന്നത്. അതിൽ ഭൂരിഭാഗവും ഗർഭിണികൾ ആണ്. ആളുകൾ തിങ്ങിക്കൂടിയതിന് മുകളിൽ ഷീറ്റ് ആയതിനാൽ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. രോഗികളും രോഗികളുടെ കൂടെ വരുന്നവരും കൂടുമ്പോൾ തിങ്ങി നിരങ്ങിയാണ് താലൂക്ക് ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നത്. കൊടുംചൂടിൽ ഫാൻ ഇല്ലാത്തതാണ് കൂടുതൽ ബുദ്ധിമുട്ടാകുന്നത് എന്നാണ് രോഗികൾ പറയുന്നത്.
ഫാനും ഇരിപ്പിടവും ഇല്ലാത്തതിനെ തുടർന്ന് രോഗികൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ആശുപത്രിയിൽ ഉടൻതന്നെ വാൾ ഫാനുകൾ സ്ഥാപിക്കുമെന്നും നിലവിലെ സൗകര്യങ്ങൾ അനുസരിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത് എന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ മറുപടി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പേരാവൂർ താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് അന്തിമാനുമതി ലഭിച്ച് പ്രവർത്തികൾ ആരംഭിച്ചിരുന്നു. 2025 സെപ്റ്റംബർ ആകുമ്പോഴേക്കും പ്രവർത്തികൾ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.