കടുത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു
1416089
Saturday, April 13, 2024 1:15 AM IST
കരുവഞ്ചാൽ: കടുത്ത ചൂടില്‍ കാർഷിക വിളകള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു. ഇതോടെ മലയോര മേഖലയിലെ കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണു ഉണ്ടായത്. പുഴകളും കിണറുകളും വറ്റിവരണ്ടതോടെ കൃഷികള്‍ക്ക് ജലസേചനം നടത്താൻ സാധിക്കുന്നില്ല. ഇതാണു കൃഷി വ്യാപകമായി ഉണങ്ങി നശിക്കാൻ കാരണമായത്. കമുക്, തെങ്ങ്, കുരുമുളക്, വാഴ, ജാതി തുടങ്ങിയ കൃഷികളാണു കടുത്ത ചൂടില്‍ ഉണങ്ങി നശിക്കുന്നത്.
നടുവിൽ, ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, എരമം-കുറ്റൂർ, കടന്നപ്പള്ളി പാണപ്പുഴ മലയോര പഞ്ചായത്തുകളില്‍ കോടികണക്കിനു രൂപയുടെ വിളനാശമാണു സംഭവിച്ചത്. കടുത്ത ചൂടിനെ തുടർന്നു കശുവണ്ടി ഉത്പാദനത്തിലും വൻ ഇടിവ് സംഭവിച്ചു. പ്രധാന പുഴകളിലെ നീരൊഴുക്ക് നിലയ്ക്കുകയും കിണറുകള്‍ വറ്റിവരളുകയും ചെയ്തതോടെ മലയോര മേഖലയില്‍ കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇപ്പോള്‍ പലരും കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. പുഴകളിൽനിന്ന് ജലസേചനം നടത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തടയുകയും ചെയ്തിട്ടുണ്ട്.
ഇതോടെ കൃഷി നനയ്ക്കാൻ പറ്റാത്ത സ്ഥിതിയായി. വിളകള്‍ ഉണങ്ങി നശിച്ചതോടെ അടുത്ത വർഷം മലയോരത്തു കടുത്ത സാന്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. ഇപ്പോള്‍ അടയ്ക്ക, കശുവണ്ടി എന്നിവയ്ക്കു മാത്രമാണു വിപണിയില്‍ നഷ്ടമില്ലാത്ത വില ലഭിക്കുന്നത്. ആയിരക്കണക്കിനു കമുകുകള്‍ ആണു മലയോരത്ത് ഉണങ്ങി നശിച്ചത്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.