നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി അറസ്റ്റിൽ
1415870
Friday, April 12, 2024 12:44 AM IST
വളപട്ടണം: ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കാസർഗോഡ് സ്വദേശി പ്രകാശിനെയാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കാട്ടമ്പള്ളി പ്രദേശത്ത് ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും 86000 രൂപയാണ് സ്ക്വാഡ് പിടിച്ചെടുത്തത്. ഏകദേശം ഒന്നര ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
വളപട്ടണം എസ്ഐ എ. നിധിൻ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടകളിൽ വില്പനയ്ക്ക് കൊണ്ടുവന്ന് കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ പ്രകാശ് എന്ന് പോലീസ് പറഞ്ഞു.
പുതിയങ്ങാടിയിൽ യുവാവ് പിടിയിൽ
പഴയങ്ങാടി: പുതിയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. മാടായി പുതിയങ്ങാടി സ്വദേശി ഇബ്രാഹിം കുട്ടിയെ (37) ആണ് പഴയങ്ങാടി എസ് ഐ കെ.കെ. തുളസിയും സംഘവും പിടികൂടിയത്. ഇയാളിൽനിന്ന് 80 പായ്ക്കറ്റ് ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണു പിടികൂടിയത്. തീരദേശ മേഖലയായ പുതിയങ്ങാടിയിലെ അന്യ സംസ്ഥാന തൊഴിലാളികളെയും വിദ്യാർഥികളെയും ലക്ഷ്യംവച്ച് വിതരണത്തിനായി എത്തിച്ചവയാണെന്ന് പോലീസ് പറഞ്ഞു. സീനിയർ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്, ചന്ദ്രകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.