ജീവിതശൈലീ രോഗങ്ങൾ കൂടുന്നതായി റിപ്പോർട്ട്
1415860
Friday, April 12, 2024 12:43 AM IST
സ്വന്തം ലേഖിക
കണ്ണൂര്‍: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ടുകൾ.18നും 64നും ഇടയില്‍ പ്രായമുള്ള 82.4 ശതമാനം മലയാളികളും ഏതെങ്കിലും തരത്തിലുള്ള ജീവിതശൈലീ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരാണെന്നാണ് ആരോഗ്യമേഖലയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
30 വയസിന് മുകളിലുള്ള 25 ശതമാനം പേരും ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവരെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 80 ശതമാനം ആളുകളിലെ മരണകാരണം ജീവിതശൈലീ രോഗങ്ങളാണ്.
സമഗ്ര ഗ്രാമീണ ആരോഗ്യ സേവന പദ്ധതി 2003-2010 കാലഘട്ടത്തില്‍ കേരളത്തില്‍ നടത്തിയ പഠനത്തില്‍ ഹൈപ്പര്‍ടെന്‍ഷന്റെ വ്യാപനം ഏകദേശം 25 മുതല്‍ 30 ശതമാനം ആണെന്ന് കണ്ടെത്തിയിരുന്നു. 2012-15 കാലഘട്ടത്തില്‍ കേരള കാര്‍ഡിയോവാസ്കുലര്‍ റിസ്ക് റിഡക്ഷന്‍ നടത്തിയ പഠനത്തില്‍ ഇത് 40 ശതമാനത്തില്‍ എത്തി എന്ന് കണ്ടെത്തി.
കേരള ഡയബറ്റിസ് പ്രിവന്‍ഷന്‍ പ്രോഗ്രാം (കെഡിപിപി) 2006-2012 കാലഘട്ടത്തില്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ പ്രമേഹത്തിന്റെ വ്യാപനം ഏകദേശം 20 ശതമാനമായിരുന്നു. 2011-13 കാലഘട്ടത്തില്‍ കേരള പ്രമേഹ പഠനം നടത്തിയതില്‍ ഇത് 19.4 ശതമാനം ആണെന്ന് കണ്ടെത്തി. പഠന ജനസംഖ്യയുടെ 30 ശതമാനം ആളുകളിലും രക്താതിമര്‍ദ്ദം വ്യാപകമാണെന്നും കണ്ടെത്തി. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഇത്തരം പഠനങ്ങള്‍ നടക്കുന്നത്.
പ്രമേഹവും കൂടുന്നു
ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഓഫ് റിസര്‍ച്ച് ഓണ്‍ ലൈഫ് സയന്‍സ് നടത്തിയ പഠനത്തില്‍ കേരളത്തില്‍ ഇപ്പോള്‍ പ്രമേഹത്തിന്റെ വ്യാപനം ഏകദേശം 20-25 ശതമാനമാണെന്നാണ് കണ്ടെത്തല്‍. ഇത് ദേശീയ ശരാശരിയായ 8.8 ശതമാനത്തേക്കാള്‍ കൂടുതലാണ്. പ്രായപൂര്‍ത്തിയായ അഞ്ചില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടാകും. 2030 ആകുമ്പോഴേക്ക് ഇത് ഇരട്ടിയാകുമെന്നാണ് ഇപ്പോള്‍ നടക്കുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഹൈപ്പര്‍ടെന്‍ഷന്റെ വ്യാപനം 30-40 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 25 ശതമാനത്തേക്കാള്‍ കൂടുതലാണ്. പൊണ്ണത്തടിയുടെ വ്യാപനം 25 ശതമാനമാണ്.