പാനൂര്‍ ബോംബ് സ്ഫോടനം: റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, കണ്ണൂരിൽ കേന്ദ്രസേനയെ വിന്യസിക്കണം: മാര്ട്ടിന് ജോര്‍ജ്
1415679
Thursday, April 11, 2024 1:55 AM IST
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണം നടന്നത് തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണം അഴിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയാണെന്ന പോലിസ് റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. ബോംബ് സ്ഫോടനത്തില്‍ രാഷ്ട്രീയമില്ലെന്നും സിപിഎമ്മിന് അതുമായി ബന്ധമില്ലെന്നും പോലീസ് പ്രതി ചേര്‍ത്തത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വിശദീകരണങ്ങളെ പൊളിച്ചടുക്കുന്നതാണ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസാണ് മുഖ്യമന്ത്രിയുടെ ന്യായവാദങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുന്നത്. സിപിഎം, ഡിവൈഎഫ്ഐ ഭാരവാഹികളടക്കം
ബോംബ് നിര്‍മാ ണത്തിനു കൂട്ടുനിന്നുവെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബുകള്‍ നിര്‍മിച്ചതെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്.
കണ്ണൂര്‍, വടകര ലോക്സഭാ മണ്ഡലങ്ങളില്‍ വ്യാപകമായി ആക്രമണം നടത്തി മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്ന് കണക്കുകൂട്ടലിലാണ് വന്‍തോതില്‍ ബോംബ് നിര്‍മാണം സിപിഎം നേതൃത്വത്തിന്റെ അറി വോടെ നടത്തിയത്. സിപിഎം നേതാക്കള്‍ക്ക് ബോംബ് നിര്‍മാണത്തിലുള്‍പ്പെട്ടവരുമായി അടുത്ത ബന്ധമുണ്ട്. സ്വന്തം ജില്ലയിലെ മണ്ഡലങ്ങളില്‍ തോൽവി ഉറപ്പാക്കിയ സാഹചര്യത്തിലാണ് പിണറായി വിജയനടക്കം ജില്ലയെ കലാപഭൂമിയാക്കാന്‍ ആസൂത്രണം നടത്തിയത്.
ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടതു കൊണ്ടുമാത്രമാണ് ഈ വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഗ്യാങ് വാറാണ് ഇതിനു പിന്നിലെന്ന് വരുത്താന്‍ സിപിഎം പരമാവധി ശ്രമിച്ചെങ്കിലും റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അവര്‍ക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് ഭാരവാഹി ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതല്ലെന്നും അവശേഷിച്ച ബോംബുകള്‍ വീടിന്റെ ടെറസില്‍ നിന്ന് മാറ്റാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികളെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചവർ ആരൊക്കെയാണ്, ബോംബ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു നല്കിയവര് ആരാണ്, സ്റ്റീല്‍ ബോംബു നിര്‍മാണത്തിന് പരിശീലനം നല്കിയവര് ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളില്‍ നിശ്ചയമായും തുടരന്വേഷണമുണ്ടാകണം. കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ കുത്സിതനീക്കമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ഇതിനെതിരായ പ്രതികരണം പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അക്രമരാഷ്ട്രീയത്തില്‍ നിന്നു വ്യതിചലിക്കാന്‍ ഒരുക്കമല്ലാത്ത സിപിഎം നേതൃത്വത്തിനെ തിരായ വിധിയെഴുത്താകണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടാണ് ബോംബ് നിര്‍മാണമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും മാര്ട്ടിന് ജോര്‍ജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.