നാടൻ തോക്ക് ഉപേക്ഷിച്ചനിലയിൽ
1415677
Thursday, April 11, 2024 1:55 AM IST
ഇരിട്ടി: വാണിയപ്പാറ തുടിമരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി. പ്രദേശവാസി വിവരം നൽകിയതിനെ തുടർന്ന് കരിക്കോട്ടക്കരി സിഐ കെ.പി.സുനിൽ കുമാർ, എസ്ഐമാരായ രാംദാസ്, രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ തോക്ക് കസ്റ്റഡിയിലെടുത്തു.
കശുവണ്ടി ശേഖരിക്കുന്നതിനായി പോയ ആളാണു സമീപത്തെ റബർ തോട്ടത്തിന്റെ സൈഡിൽ തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് കരിക്കോട്ടക്കരി പോലീസ് എത്തി തോക്ക് കസ്റ്റഡിയിലെടുത്തത് . വനമേഖലയോട് ചേർന്ന പ്രദേശം ആയതുകൊണ്ട് മൃഗവേട്ടയ്ക്ക് ഉപയോഗിച്ചു വരുന്ന നാടൻ തോക്കാണ് കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശം ആയതുകൊണ്ടും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സഹചര്യത്തിലും പോലീസ് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.
ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി.