കനത്തചൂട്: മലയോരം കടുത്തവരൾച്ചയിൽ
1415672
Thursday, April 11, 2024 1:55 AM IST
ചന്ദനക്കാംപാറ: മലയോരത്ത് ചൂട് സഹിക്കാവുന്നതിനപ്പുറമായതോടെ കടുത്ത വരൾച്ചയിലേക്ക് നീങ്ങി ഗ്രാമീണമേഖലകൾ. ചന്ദനക്കാംപാറയിൽ നീരൊഴുക്ക് നിലച്ചു. ചതുരംപുഴയുടെ ഒഴുക്ക് വണ്ണായിക്കടവിന് സമീപം മുറിഞ്ഞു. കടുത്ത വരൾച്ചയിൽ പോലും വറ്റാതിരുന്നതാണ് മലയോരത്തെ മിക്ക തോടുകളും. വണ്ണായികടവ് പാലത്തിന് താഴെ ചെക്ക് ഡാമിൽ വെള്ളംകെട്ടി നിർത്തിയിരിക്കയാണ്.
ഏരുവേശി ഭാഗത്തെ ചെമ്പേരി പുഴയിലും, ഏരുവേശിപുഴയിലും മറ്റ് കൈവഴികളിലും ഒഴുക്ക് നിലച്ചിട്ട് ഒരു മാസത്തോളമായി. നേരിയ രീതിയിൽ മാത്രമാണ് പ്രധാന പുഴയിലേക്കുള്ള ജലപ്രവാഹം. ചില തോടുകളിൽ മാത്രമാണ് പേരിന് വെള്ളമുള്ളത്. മലയോരത്ത് രണ്ടുദിവസം ചെറിയ മഴ ലഭിച്ചെങ്കിലും കടുത്ത ചൂട് മൂലം അതിന്റെ ഗുണം കിട്ടിയില്ല. കുഴൽക്കിണറുകൾ വ്യാപകമായി ഉള്ളതാണ് പല വീടുകളിലും കുടിവെള്ളക്ഷാമം ഇല്ലാതാക്കുന്നത്. സ്ഥാപനങ്ങളിൽ ലോറികളിൽ വെള്ളമെത്തിക്കുന്ന ഏജൻസികൾക്കും ഇപ്പോൾ തിരക്കാണ്. മോട്ടോർവച്ചുള്ള ജലമൂറ്റൽ പുഴയോരങ്ങളിൽ വ്യാപകമാണ്. പമ്പിംഗിനായി സ്ഥാപിച്ച ഒട്ടേറെ മോട്ടോറുകൾ പുഴത്തീരങ്ങളിലുണ്ട്. കൃഷിയിടങ്ങളിലേക്ക് വെള്ളമൂറ്റാൻ നിരവധി പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്ന് രാപകൽ കൃഷിയിടങ്ങളിലേക്ക് വെള്ളമൊഴുക്കുന്നതായി നാട്ടുകാർ പറയുന്നു.
കൃഷിക്ക് വെള്ളമെടുക്കാൻ പറ്റുന്നില്ലെങ്കിൽ നഷ്ടം നികത്താൻ അധികൃതർ തയ്യാറാവുമോ എന്നും കർഷകർ ചോദിക്കുന്നുണ്ട്. മലയോരത്ത് ഉറവ രൂപപ്പെടുന്ന ഓലികളിൽനിന്ന് ഓസ് വഴിയാണ് വാഴക്കർഷകർ ഉൾപ്പെടെ നിയന്ത്രണമില്ലാതെ വെള്ളമെടുക്കുന്നത്. ഇത് തോടുകളിലേക്ക് വെള്ളമെത്തുന്നത് തടയുന്നതായാണ് ആക്ഷേപം. അനിയന്ത്രിതമായ ജലമൂറ്റലിനെതിരേ നടപടികൾ സ്വീകരിക്കാൻ പ്രതിഷേധം ഭയന്ന് പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ആയതിനാൽ തദ്ദേശ സ്ഥാപനങ്ങളും തയാറാവുന്നില്ല.