മോര്‍ച്ചറി ദുരിതംപേറി പോലീസ്
1415671
Thursday, April 11, 2024 1:55 AM IST
പരിയാരം: ചീമേനിയില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെയും ആത്മഹത്യ ചെയ്ത അമ്മയുടെയും മൃതദേഹങ്ങളുമായി സൂക്ഷിക്കാൻ ഇടമില്ലാതെ പോലീസ് നട്ടംതിരിഞ്ഞു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി ഫ്രീസറുകള്‍ തകരാറിലായതാണ് പോലീസിന് ദുരിതമായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്വകാര്യ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ പോലീസ് കാവലില്‍ സൂക്ഷിച്ചത്.
ഒരു മൃതദേഹം സൂക്ഷിക്കുന്നതിന് 1500 രൂപയാണ് ഇവിടെ ഈടാക്കുന്നത്. നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇന്നലെ രാവിലെയാണ് പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ഇവരുടെ മൃതദേഹങ്ങളുമായി ചീമേനി പോലീസ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് ഇവിടെ മോര്‍ച്ചറി ഫ്രീസറുകള്‍ തകരാറിലാണെന്ന് അറിഞ്ഞത്.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇതാണ് ഇവിടുത്തെ സ്ഥിതി. അധികാരികൾ അറിഞ്ഞഭാവം നടിക്കുന്നില്ല. എംഎല്‍സി കേസുകളില്‍ മൃതദേഹം സുരക്ഷിതമായി സൂക്ഷിച്ച് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. അതീവ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആകെയുള്ള 12 ഫ്രീസറുകളില്‍ 4 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. അതില്‍ രണ്ടെണ്ണത്തില്‍ അജ്ഞാത മൃതദേഹങ്ങളാണ്. ഇവ നിശ്ചിത ദിവസം സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ മാറ്റാന്‍ സാധിക്കില്ലെങ്കിലും ഇത്തരം മൃതദേഹങ്ങള്‍ പുറത്തുവച്ച് മറ്റ് മൃതദേഹങ്ങള്‍ ഫ്രീസറില്‍ വക്കുന്നത് പതിവായതിനാല്‍ അജ്ഞാതമൃതദേഹങ്ങള്‍ അഴുകുന്നതും നിത്യസംഭവമാണ്. ആളില്ലാത്തതിനാല്‍ ഇത് സംസ്ക്കരിക്കാന്‍ ഏറ്റെടുക്കുന്ന സന്നദ്ധ സംഘടനകളുടെ ഭാരവാഹികളാണ് പ്രയാസമനുഭവിക്കേണ്ടി വരുന്നത്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള എംഎല്‍സി കേസുകള്‍ ഭൂരിഭാഗവും എത്തുന്നത് ഇവിടെയായതിനാല്‍ മോര്‍ച്ചറി ഫ്രീസറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.