പെരുമാറ്റചട്ടം പാലിക്കാന്‍ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണം: പൊതു നിരീക്ഷകന്
1415468
Wednesday, April 10, 2024 1:41 AM IST
കണ്ണൂർ: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നതില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് മാന്‍വേന്ദ്ര പ്രതാപ് സിംഗ്. ലംഘനമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്ഥിമാരുമായും രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുമായും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം, സമുദായം, പണം, മദ്യം എന്നിവ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒരു തരത്തിലും പാടില്ല. അനുമതി വേണ്ട റാലികള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി വാങ്ങണം. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ പരിപാടികൾ അവസാനിപ്പിക്കണം.
എല്ലാ പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാക്കിയാല്‍ പിടക്കപ്പെടും. പോളിംഗ് ഏജന്റുമാര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കുവാന്‍ രാഷ്ടീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെലവ് രജിസ്റ്റര്‍ കൃത്യമായിട്ട് തന്നെ സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കണമെന്ന് ചെലവ് നിരീക്ഷക ആരുഷി ശര്‍മ പറഞ്ഞു. അനധികൃതമായ ചെലവുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ നിയമനടപടികള്‍ ഉണ്ടാകും.
ചെലവ് രജിസ്റ്ററിന്റെ ആദ്യ പരിശോധന 12ന് രാവിലെ പത്തിന് കളക്ടറേറ്റിൽ നടക്കും. ചെലവ് രജിസ്റ്റര്‍ ഫലപ്രഖ്യാപനം വരെ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്. ഫലം വന്നു 30 ദിവസത്തിനുള്ളില്‍ ചെലവ് രജിസ്റ്ററിന്റെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമര്‍പ്പിക്കണം. ജില്ലാ കളക്ടറും കണ്ണൂര്‍ ലോക്സഭാ മണ്ഡലം വരണാധികാരിയുമായി അരുണ്‍ കെ. വിജയനും നിരീക്ഷകരും തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായ നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരിപൂര്‍ണ്ണ സഹകരണം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പോലീസ് ഒബ്സര്‍വര്‍ സന്തോഷ് സിംഗ് ഗൗര്‍, അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാര്‍ഗ്, തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ചെലവ് നിരീക്ഷക ആരുഷി ശര്‍മ ചെലവ് കണക്കുകള്‍ സൂക്ഷിക്കേണ്ട രീതിയെപ്പറ്റിയും സമര്‍പ്പിക്കണ്ട വിധത്തെപ്പറ്റിയും സ്ഥാനാര്‍ഥികള്‍ക്കും ചെലവ് ഏജന്റുമാര്‍ക്കുമായി ഒരു പരിശീലന ക്ലാസും നടത്തി.