യുവതിയും രണ്ടു മക്കളും വീടിനുള്ളില്‍ മരിച്ചനിലയില്‍
1415452
Wednesday, April 10, 2024 1:41 AM IST
ചീമേനി : പഞ്ചായത്ത് ജീവനക്കാരിയായ യുവതിയും രണ്ട് ആണ്മക്കളും വീടിനകത്ത് മരിച്ച നിലയില്‍. ചീമേനി ചെമ്പ്രകാനം ഈസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചോയ്യങ്കോട് കെഎസ്ഇബി സബ് എന്‍ജിനിയര്‍ രഞ്ജിത്തിന്റെ ഭാര്യയും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ യുഡി ക്ലര്‍ക്കുമായ ചെമ്പ്രകാനം-പെരുന്തോല്‍ കോളനി റോഡിലെ പി.സജന(31), മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഗൗതം(ഒമ്പത്), യുകെജി വിദ്യാര്‍ഥി തേജസ്(നാല്) എന്നിവരെയാണ് കിടപ്പുമുറിയിലും തൊട്ടടുത്ത ഷെഡിലുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി വിവേകാനന്ദ വിദ്യാമന്ദിര്‍ വിദ്യാര്‍ഥികളാണ് കുട്ടികള്‍.
വീടിന്റെ മുകള്‍ നിലയിലെ മേല്‍ക്കൂരയിലുള്ള ജിഐ ഷീറ്റിന്റെ പൈപ്പില്‍ കെട്ടിയ ഷാള്‍ കഴുത്തില്‍ മുറുകി മരിച്ച നിലയിലാണ് സജനയെ കണ്ടെത്തിയത്. കൈയില്‍ നിന്നും ചോര വാര്‍ന്നുപോകുന്ന നിലയിലുമായിരുന്നു. മക്കള്‍ രണ്ടു പേരും മുകളിലെ വടക്ക് ഭാഗത്തുള്ള കിടപ്പുമുറിയില്‍ നിലത്ത് കിടക്കയില്‍ മരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെ വീട്ടിലെ താഴത്തെ നിലയിലുണ്ടായിരുന്ന രഞ്ജിത്തിന്റെ പിതാവ് ശിവശങ്കരന് ഉച്ചഭക്ഷണത്തിനായി കുട്ടികളെ വിളിക്കാന്‍ മുകളിലെത്തിയപ്പോഴാണ് ദാരുണ സംഭവം നാട്ടുകാരറിയുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി.ലതീഷ്, ചീമേനി ഇന്‍സ്പെക്ടര്‍ കെ.സലീം, ചന്തേര എസ്ഐ യു.വിപിന്‍, ചീമേനി എസ്ഐ ബാബു എന്നിവര്‍ ചെമ്പ്രകാനത്തെ വീട്ടില്‍ എത്തിയിരുന്നു.
വിരലടയാള വിദഗ്ധ രജിത, സയന്റിഫിക് ഓഫീസര്‍ ഹരികൃഷ്ണന് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളെ കഴുത്തുമുറുക്കി കൊന്ന് മാതാവ് ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സജനയുടെ ഭര്‍ത്താവ് രഞ്ജിത്ത് വയനാട് മാനന്തവാടി സ്വദേശിയാണ്. ചീമേനി ഞണ്ടാടി കോറ റോഡിലെ പാടിയില്‍ നാരായണന്റെയും യമുനയുടെയും മകളാണ് സജന. സഹോദരങ്ങള്‍: ഷനോജ്(ജല അഥോറിറ്റി കാസര്‍ഗോഡ്), സജിനി.