പുരയിടത്തിന് ഫയർബെൽറ്റ് സുരക്ഷ ഉറപ്പാക്കിയിട്ടും ബെൽറ്റിനപ്പുറത്തെതീ വേണുഗോപാലിനെ വിഴുങ്ങി
1415374
Tuesday, April 9, 2024 8:07 AM IST
ഇരിട്ടി: വേനലിൽ പ്രദേശത്ത് തീപിടിത്തം നിത്യസംഭവമായി മാറിയ സാഹചര്യത്തിൽ തന്റെ വീടും പരിസരവും തീയിൽനിന്നും സംരക്ഷിക്കാൻ പുല്ലും ചപ്പ് ചവറുകളും മരക്കൊമ്പുകളുമെല്ലാം നീക്കി ഫയർബെൽറ്റ് ഒരുക്കി സുരക്ഷിതമാക്കിയ വേണുഗോപാലനെ ഒടുവിൽ ഫയർബെൽറ്റിനപ്പുറത്തെ തീ വീഴുങ്ങുകയായിരുന്നു.
സമീപത്തെ പറന്പിൽനിന്ന് പുകയും തീയും ഉയരുന്നത് കണ്ട് തീകെടുത്താൻ അവിടേക്ക് ഓടിയ വേണുഗോപാലനെ ഒടുവിൽ തീ വിഴുങ്ങുകയായിരുന്നു. തീ കണ്ടതോടെ ആണി രോഗത്താൽ വലയുന്ന തന്റെ വേദനകൾ പോലും മറന്ന് പച്ചിലകളുമായി അവിടേക്ക് ഓടുന്നതിനിടെ ഭാര്യ രാഗിണിയോട് ""തീ കത്തുന്നു, ഞാൻ കെടുത്തിയിട്ട് വരാം, അപ്പോഴേക്കും നീ കപ്പു പുഴുങ്ങി വയ്ക്ക്' എന്ന് പറഞ്ഞത് അവസാന വാക്കായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി ജീവിതങ്ങൾ പൊലിഞ്ഞിട്ടുണ്ടെങ്കിലും വേണുഗോപാലിന് സംഭവിച്ചതു പോലുള്ള ദാരുണമായ മരണം ആറളത്ത് ആദ്യത്തേതാണ്. വീടിന് സമീപം എവിടെ തീപിടിച്ചാലും ആദ്യം ഓടിയെത്തി തീയണയ്ക്കൽ പ്രവർത്തനം നടത്തുന്ന വ്യക്തികളിൽ മുന്നിലായിരുന്നു എന്നും വേണുഗോപാലൻ.
ഉണങ്ങി കരിഞ്ഞ പുൽമേടുകൾ നിറഞ്ഞ പ്രദേശത്ത് തീ ആളിപ്പടർന്നതും പുക കാരണം പരസ്പരം ആർക്കും കാണാൻ കഴിയാതിരുന്നതുമാണ് വേണുഗോപാലനെ അഗ്നി വിഴുങ്ങാൻ ഇടയാക്കിയത്. അഗ്നി രക്ഷാസേന തീ അണയ്ക്കുന്നതിനിടയിലാണ് വീടിന്റെ 250 മീറ്റർ മാത്രം അകലെ വേണുഗോപാലനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് വീടിന് സമീപം തീപിടിത്തമുണ്ടായപ്പോഴും വേണുഗോപാലനായിരുന്നു ആദ്യം എത്തി തീ അണച്ചത്.
ഇരിട്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഹരിലാൽ, സീനിയർ ഫയർ ഓഫീസർ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നി രക്ഷാ സേനയും രണ്ടു മണിക്കൂർ നേരം ഏറെ പണിപ്പെട്ടായിരുന്നു. ഒൻപതാം ബ്ലോക്കിലെ തീയണച്ചത്. തീപിടിത്തത്തിൽ അഞ്ച് ഏക്കറോളം പ്രദേശം കത്തി നശിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്തംഗം വി. ശോഭ , ആറളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു ,ഫാം പഞ്ചായത്ത് അംഗം മിനി ദിനേശൻ, കുടുംബശ്രീ ജില്ലാ ആനിമേറ്റർ കെ.കെ. സബിത, ആറളം വില്ലേജ് ഓഫീസർ എ. ജോൺ , സ്പെഷ്യൽ വില്ലേജ് ഓഫീസർ പി.ബി. പ്രകാശൻ , ഫിൽഡ് അസിസ്റ്റന്റ് എ.എസ്. മണകണ്ഠൻ, സി.പി.എം ജില്ലാ സെക്രട്ടറി ടി.വി.രാജേഷ്, കെ.ശ്രീധരൻ , കെ.കെ. ജനാർദ്ദനൻ , പി.കെ.രാമചന്ദ്രർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു .
വേണുഗോപാലന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ രാഗിണി
ഇരിട്ടി: വേണുഗോപാലന്റെ അപ്രതീക്ഷിത മരണത്തോടെ തനിച്ചായത് ഭാര്യ രാഗിണി .നാലു മക്കൾ ഉണ്ടെങ്കിലും ഇവരെല്ലാം മറ്റിടങ്ങളിലാണ് താമസം. ശാരീരിക ബുദ്ധമുട്ടുകൾ കാര്യമാക്കാതെ ഇരുവരും തങ്ങളുടെ പുരയിടത്തിൽ കൃഷി ചെയ്ത് സന്തോഷമായി ജീവിച്ചു വരികയായിരുന്നു. കൊളക്കാട് ഓടപ്പുഴ കോളനിക്കാരായ ഇവർ കഴിഞ്ഞ 20 വർഷമായി ഫാമിലെ താമസക്കാരാണ്.
വേണുഗോപാലൻ മികച്ച കർഷകൻ കൂടിയാണ്. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമായിട്ടും വീടിന് ചുറ്റും വേലികെട്ടി കുരുമുളകും മറ്റ് കൃഷികളും സംരക്ഷിച്ചുപോന്നു. മൂന്നു പെൺമക്കളും വിവാഹം കഴിച്ച് പോയതോടെ ഭാര്യ രാഗിണിയും മാത്രമാണ് വീട്ടിലുള്ളത്. വാർധക്യത്തിലും ഒപ്പമുണ്ടായിരുന്ന ജീവിത പങ്കാളി നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ നീറുകയാണ് രാഗിണി.